കേരളത്തിലെ കൊവിഡ് പ്രതിരോധം മോദി സര്‍ക്കാരിന് പാഠം; പിണറായി സര്‍ക്കാരിനെ പുകഴ്ത്തി റോയ്ട്ടേഴ്സ്
covid 19 Kerala
കേരളത്തിലെ കൊവിഡ് പ്രതിരോധം മോദി സര്‍ക്കാരിന് പാഠം; പിണറായി സര്‍ക്കാരിനെ പുകഴ്ത്തി റോയ്ട്ടേഴ്സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th August 2021, 10:54 pm

ന്യൂദല്‍ഹി: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്ട്ടേഴ്സ്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോദി ഗവണ്‍മെന്റിന് പാഠമാണെന്നും റോയ്ട്ടേഴ്സ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് കേരളത്തിലാണ്. കൂടാതെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ ശരാശരിയും കേരളത്തിലാണ്. എന്നാല്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമ്പോഴും ദേശീയ-സംസ്ഥാന ഡാറ്റകള്‍ പരിശോധിക്കുമ്പോഴും ഇതില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ലഭിക്കുന്നതെന്നും റോയ്ട്ടേഴ്സ് അവകാശപ്പെടുന്നു.

വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ കേരളം സ്വീകരിച്ച കണ്ടെയിന്റ്മെന്റ് നടപടികളാണ് രോഗവ്യാപനം തടയാന്‍ കാരണമായതെന്ന് റോയ്ട്ടേഴ്സ് വിലയിരുത്തുന്നത്. ഇതു കാരണം സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചുവെന്നും റോയ്ട്ടേഴ്സ് പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ദല്‍ഹി പോലുള്ള നഗരങ്ങളില്‍ കിടക്കകളുടെയും ഓക്സിജന്റെയും ലഭ്യതക്കുറവ് കാരണം ആശുപത്രികള്‍ക്ക് പുറത്ത് ആളുകള്‍ മരിച്ച് വീണതില്‍ നിന്നും നേര്‍ വിപരീതമാണ് കേരളത്തിലെ അവസ്ഥയെന്നും റോയ്ട്ടേഴ്സ് ചൂണ്ടിക്കാണിക്കുന്നു.

കൃത്യമായ രോഗനിര്‍ണയ നിരക്കും ദേശിയ ശരാശരിയേക്കാള്‍ ഇരട്ടിയുള്ള ജനസാന്ദ്രതയുമാണ് കേരളത്തിലെ കൊവിഡ് വ്യാപനം വര്‍ധിപ്പിച്ചതെന്ന് റോയ്ട്ടേഴ്സ് പറയുന്നു. എന്നാല്‍ കേരളത്തിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ എത്രയോ കുറവാണെന്നും റോയ്ട്ടേഴ്സ് വ്യക്തമാക്കുന്നു. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. ദേശീയ ശരാശരി 1.4 ശതമാനവും, ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശില്‍ 1.3 ശതമാനവുമാണ് മരണ നിരക്ക്.

ഹോം ഐസൊലേഷന്‍ പോലുള്ള നടപടികള്‍ കൊവിഡിനെ പിടിച്ചുകെട്ടാന്‍ സഹായകമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യമായ അവലോകനത്തിലൂടെ നടപ്പിലാക്കിയ പദ്ധതികളെ പോലും തകിടം മറിക്കാന്‍ വേഗത്തില്‍ രൂപമാറ്റം സംഭവിച്ച വൈറസിന് സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അംഗീകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്ത് ആശുപത്രികളില്‍ കൊവിഡ് കിടക്കകള്‍ ഒഴിഞ്ഞു കിടക്കുകയാണന്നും ഓക്സിജന്‍ ലഭ്യത ആവശ്യത്തിനുണ്ടെന്നും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തുക്കുന്നുണ്ടെന്നും റോയ്ട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

covid resistance in Kerala is a lesson for Modi government; Reuters special reports