കണ്ണൂരില്‍ 81കാരന് രോഗം ഭേദമായി; രോഗമുക്തി 42 ദിവസത്തിന് ശേഷമെന്ന് മുഖ്യമന്ത്രി
COVID-19
കണ്ണൂരില്‍ 81കാരന് രോഗം ഭേദമായി; രോഗമുക്തി 42 ദിവസത്തിന് ശേഷമെന്ന് മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Saturday, 16th May 2020, 4:35 pm

കണ്ണൂര്‍: കണ്ണൂരില്‍ 81 വയസുകാരന് കൊവിഡ് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി ഇദ്ദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ചെറുവാഞ്ചേരി സ്വദേശിക്കാണ് രോഗം ഭേദമായത്. മുഖ്യമന്തിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രോഗമുക്തി നേടിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ചികിത്സാ കാലയളവില്‍ 16 തവണ ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയിരുന്നു. ഒരേ പി.സി.ആര്‍ ലാബില്‍ നിന്നും തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു കൊവിഡ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.

ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഒരേസമയം കൊവിഡ് ഉള്‍പ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സ തേടിയ അദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക കൊവിഡ്് ഐ.സി.യുവില്‍ ആയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക