പി.പി.ഇ കിറ്റ് ധരിച്ച് കൂട്ടിരിപ്പുകാര്‍ക്ക് രോഗിയെ നോക്കാന്‍ പറ്റുമോ? ഐസൊലേഷന്‍ വാര്‍ഡുകളിലെ അനുപാതം ഇല്ലാതാകുമ്പോള്‍...
Kerala News
പി.പി.ഇ കിറ്റ് ധരിച്ച് കൂട്ടിരിപ്പുകാര്‍ക്ക് രോഗിയെ നോക്കാന്‍ പറ്റുമോ? ഐസൊലേഷന്‍ വാര്‍ഡുകളിലെ അനുപാതം ഇല്ലാതാകുമ്പോള്‍...
ന്യൂസ് ഡെസ്‌ക്
Thursday, 8th October 2020, 4:42 pm

കേരളത്തില്‍ കൊവിഡ് പിടിമുറുക്കിയതോടെ അസാധാരണമാം വിധം മാറിപ്പോയ ജീവിതമാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരുടേത്. കൊവിഡ് ഐസോലേഷന്‍ വാര്‍ഡുകളില്‍ ഇന്ന് ഡബിള്‍ റോളിലാണ് നഴ്‌സുമാരടക്കമുള്ളവരെത്തുന്നത്. രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനമുണ്ടാകുന്നതും ഐസോലേഷന്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സാമൂഹിക അകലം പാലിക്കുകയെന്നതാണ് കൊവിഡ് രോഗത്തിന്റെ പ്രധാന പ്രതിരോധം. അതുകൊണ്ടു തന്നെ കിടപ്പുരോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അവരെ നോക്കാനോ പരിചരിക്കാനോ കൂട്ടിരിപ്പുകാരെ നിര്‍ത്താനും കഴിയില്ല. ആ ഉത്തരവാദിത്തം കൂടി ഐസോലേഷന്‍ വാര്‍ഡുകളിലെ ജീവനക്കാരാണ് ചെയ്യേണ്ടത്. എന്നാല്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് ഈ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ പിന്നോട്ടടിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കിടപ്പുരോഗിയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. രോഗികളുടെ അനുപാതത്തിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂടിയിട്ടില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നായിരുന്നു വിദഗ്ധര്‍ നല്‍കിയ മറുപടി. അത് ശരിവെയ്ക്കുന്ന രീതിയില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധത്തില്‍ കേരളം മുന്നില്‍ തന്നെയാണെങ്കിലും ആരോഗ്യമേഖലയിലെ ആള്‍ശേഷി ഇല്ലായ്മ ഈ പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്.

സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് രോഗവ്യാപനം കൂടുതലുള്ള രണ്ട് ജില്ലകളാണ് തിരുവനന്തപുരവും കോഴിക്കോടും. രോഗിയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളെജില്‍ മാത്രം 700 ലധികം രോഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും ഗുരുതരാവസ്ഥയിലുള്ളവരാണ്. രോഗികളുടെ പ്രാഥമികാവശ്യങ്ങള്‍ വരെ ചെയ്തുകൊടുക്കേണ്ടത് കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരാണ്. അതേസമയം ദിനംപ്രതി രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂടാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം.

സമാനമായ സ്ഥിതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല് ഐ.സി.യുകളിലായി രണ്ട് നഴ്‌സുമാര്‍ വീതമാണ് ഡ്യൂട്ടിയ്ക്കുള്ളത്. ഓരോ വാര്‍ഡിലും കുറഞ്ഞത് 15 ലധികം രോഗികളുണ്ട്. അതീവ ഗുരുതാരവസ്ഥയില്‍ കഴിയുന്ന കിടപ്പുരോഗികളാണ് ഇവയിലധികവും.

ഇവരുടെ പ്രാഥമികാവശ്യങ്ങള്‍ മുതലുള്ള എല്ലാ കാര്യങ്ങളും നോക്കുന്നത് വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ള നഴ്‌സുമാരും കെയര്‍ ടേക്കര്‍മാരുമാണ്. കൊവിഡ് ആയതിനാല്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരെ നിര്‍ത്താനും കഴിയില്ല. എന്നാല്‍ അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നില്ല. ഇവിടുത്തെ നാല് ഐ.സി.യു വാര്‍ഡുകളിലേക്കായി ആകെ ഒരൊറ്റ കെയര്‍ടേക്കര്‍ ആണുള്ളത്.

 

 

വാര്‍ഡിലെത്തുന്ന ശുചീകരണത്തൊഴിലാളികളും കൂടി ചേര്‍ന്നാണ് കിടപ്പുരോഗികളുടെ പ്രാഥമികാവശ്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ നഴ്‌സുമാരെ സഹായിക്കുന്നത്. നഴ്‌സുമാരുടെ എണ്ണത്തിലെ കാര്യമായ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഐസൊലേഷന്‍ വാര്‍ഡുകളെയാണ്. ഈ റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്ന അഭിപ്രായമായിരുന്നു ഇരു ജില്ലകളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത്.

 

രോഗികളുടെ എണ്ണവും ഡോക്ടറുടെ അനുപാതവും പലപ്പോഴും പാലിക്കപ്പെടുന്നില്ല

 

നിലവില്‍ 175 രോഗികളെ നോക്കാനുള്ള ജീവനക്കാരെ ഇവിടുള്ളു. ആ സ്ഥാനത്ത് ഇപ്പോള്‍ 300 രോഗികളെയാണ് ഞങ്ങള്‍ നോക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തിന് തുല്യമായോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ജീവനക്കാരെ നിയമിക്കേണ്ടി വരും. ആദ്യം 75 പേര്‍ എന്ന അനുപാതത്തിലാണ് ഞങ്ങള്‍ തുടങ്ങിയത്. പിന്നീട് എണ്ണം കൂട്ടി. ഇപ്പോള്‍ 175 രോഗികളെ പരിചരിക്കാനുള്ള ഡോക്ടര്‍മാര്‍ മാത്രമേ ഇവിടുള്ളുവെന്ന് ഡോക്ടര്‍ വിപിന്‍ വര്‍ക്കി ഡ്യൂള്‍ ന്യൂസിനോട് പറഞ്ഞു. കെ.ജി.എം.ഒയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയായ വിപിന്‍ ജില്ലാ ജനറല്‍ ഹോസ്പിറ്റലിലാണ് ജോലിചെയ്യുന്നത്.

 

ഗുരുതരാവസ്ഥയിലുള്ള 300 രോഗികളാണ് ഇപ്പോള്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ളത്. 175 രോഗികള്‍ എന്ന അനുപാതം ഐ.സി.യുവില്‍ ഒഴികെയുള്ള രോഗികളെ നോക്കാനുള്ള കണക്കാണ്. ഐ.സി.യുവില്‍ കഴിയുന്ന രോഗികളുടെ എണ്ണം കൂടി എടുത്താല്‍ വീണ്ടും ഡോക്ടര്‍മാരുടെ എണ്ണം കൂടും. ദിവസം നാലോ അഞ്ചോ ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ ഐ.സി.യുവിലെ രോഗികളുടെ അനുപാതത്തിന് സമാനമാകുകയുള്ളു. ഒരു ദിവസം നാല് മണിക്കൂറാണ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി. അങ്ങനെ നോക്കുമ്പോള്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ തന്നെ നിയമിക്കേണ്ടി വരും- ഡോ.വിപിന്‍ പ്രതികരിച്ചു.

പി.പി.ഇ കിറ്റ് ധരിപ്പിച്ച് കൂട്ടിരിപ്പുകാരെ നിര്‍ത്തുകയെന്നത് അപ്രായോഗികം

സമാനമായ അഭിപ്രായം തന്നെയാണ് തിരുവനന്തപുരം ജില്ലയിലെ ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടറായ അരുണ്‍ ജോയിയും പങ്കുവെച്ചത്.

മൊത്തത്തില്‍ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവില്‍ മുന്നൂറോളം രോഗികള്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്. ഇപ്പോള്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നുണ്ട്. എണ്ണം പരിമിതമായതിനാല്‍ അടുപ്പിച്ച് ഡ്യൂട്ടി എടുക്കേണ്ടി വരുന്നുണ്ട്. വിശ്രമമില്ലാത്ത രീതിയില്‍ ജോലി ചെയ്യേണ്ട അവസ്ഥയുമുണ്ട്. ആ രീതിയിലാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതും ജീവനക്കാരുടെ കുറവും ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കൂട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂട്ടിരിപ്പുകാരെ നിര്‍ത്താനും കഴിയില്ലല്ലോ എന്നാണ് അരുണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

ഐസോലേഷന്‍ വാര്‍ഡുകളിലെ കിടപ്പുരോഗികളായ രോഗികളെ പരിചരിക്കാന്‍ കൂട്ടിരിപ്പുകാര്‍ക്ക് പി.പി.ഇ കിറ്റ് ഉള്‍പ്പടെയുള്ളവ നല്‍കി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കില്ലേ എന്ന ചോദ്യത്തിന് അരുണിന്റെ മറുപടി ഇതായിരുന്നു

‘കൂട്ടിരിപ്പുകാര്‍ക്ക് പി.പി.ഇ കിറ്റ് നല്‍കുകയെന്നത് അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്. പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് തന്നെ രോഗിയെ പരിചരിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ പി.പി.ഇ കിറ്റ് 4 മണിക്കൂര്‍,കൂടിപ്പോയാല്‍ 6 മണിക്കൂറാണ് ഉപയോഗിക്കുന്നത്. അതിന് ശേഷം വിശ്രമം ആവശ്യമാണ്. കൂട്ടിരിപ്പുകാരെ സംബന്ധിച്ചിടത്തോളം ഇതത്ര എളുപ്പത്തില്‍ നടക്കില്ലല്ലോ. ഒരു കൂട്ടിരിപ്പുകാരന് ഒരു ദിവസം മുഴുവനായി പി.പി.ഇ കിറ്റ് ധരിച്ചിരിക്കാനും പറ്റില്ല’ – അരുണ്‍ പ്രതികരിച്ചു.

‘4 മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. അങ്ങനെ വരുമ്പോള്‍ ഒരു രോഗിയ്ക്ക് ഒരു ബൈസ്റ്റാന്‍ഡര്‍ എന്ന അനുപാതം പാലിക്കാന്‍ പറ്റില്ലല്ലോ. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആനുപാതികമായി ജീവനക്കാരുടെ എണ്ണവും കൂട്ടിയാല്‍ മാത്രമേ ഈ പ്രശ്‌നത്തിനൊരു പരിഹാരമാകുകയുള്ളു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും എണ്ണം കൂട്ടണമെന്ന് തന്നെയാണ് ഞങ്ങള്‍ തുടക്കം മുതല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അതിന്റെ ഭാഗമായി വളന്റിയര്‍ റിക്രൂട്ട്‌മെന്റ് പോലുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് നടപടികളുണ്ടാകുന്നില്ലെന്നല്ല പറഞ്ഞുവന്നത്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുന്നത് തന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നത്. പൊതുജനം കുറച്ചുകൂടി ജാഗ്രത പാലിച്ചെങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയില്‍ പരിഹാരം കാണാനാകു’- ഡോക്ടര്‍ അരുണ്‍ പറഞ്ഞു. കെ.ജി.എം.എയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Covid Patient-Doctor  Ratio In Isolation Wards