സംസ്ഥാനം കനത്ത ആശങ്കയില്‍; രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്; 46 പേരുടെ ഉറവിടം വ്യക്തമല്ല
COVID-19
സംസ്ഥാനം കനത്ത ആശങ്കയില്‍; രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്; 46 പേരുടെ ഉറവിടം വ്യക്തമല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 6:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച് ഇന്നും എഴുന്നൂറിന് മുകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

ഇതില്‍ 46 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 791 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതിനിടെ തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുല്ലുവിളയില്‍ 51 പേര്‍ ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 പോസിറ്റീവാണ്. പുതുക്കുറിശിയില്‍ 75 ല്‍ 20 പോസിറ്റീവ്.അഞ്ചുതെങ്ങില്‍ 87 ല്‍ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98 പേരും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഐ.ടി.ബി.പി, ബി.എസ്.എഫ് ജവാന്മാര്‍ ഒന്ന് വീതവും കൊവിഡ് രോഗികളാണ്.

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി സംഭവിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണ്. എന്നാല്‍ ഇതിനെ കൊവിഡ് മരണമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇദ്ദേഹം സൗദിയില്‍ നിന്ന് മടങ്ങിയതാണ്.

133 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9. കഴിഞ്ഞ 24 മണിക്കൂറിനിടെ 14602 സാമ്പിള്‍ പരിശോധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ