തിടുക്കപ്പെട്ട് ട്രംപ്; അമേരിക്കയിലും ഫൈസര്‍ വാക്‌സിന് അനുമതി; ആദ്യഘട്ടത്തില്‍ 30 ലക്ഷം പേരിലെത്തിക്കും
World News
തിടുക്കപ്പെട്ട് ട്രംപ്; അമേരിക്കയിലും ഫൈസര്‍ വാക്‌സിന് അനുമതി; ആദ്യഘട്ടത്തില്‍ 30 ലക്ഷം പേരിലെത്തിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 10:24 am

 

വാഷിങ്ടണ്‍: ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കി. അമേരിക്കയില്‍ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വാക്‌സിന് അടിയന്തിര അനുമതി നല്‍കിയത്.

യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന് അനുമതി നല്‍കിയത്. നിലവില്‍ ബ്രിട്ടണ്‍ കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്.

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എഫ്.ഡി.എക്കുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അടിയന്തിരമായി അമേരിക്ക വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് കൊവിഡ് മഹാമാരി ചരിത്രത്തിലെ തന്ന നാഴികക്കല്ലാകുമെന്ന് എഫ്.ഡി.എ പറഞ്ഞു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെയ്‌നറുകളില്‍ വാക്‌സിന്‍ നിറച്ച് ആളുകള്‍ക്ക് നല്‍കാനാണ് അമേരിക്കന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

30 ലക്ഷം ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പരമാവധി സ്ഥലങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കികഴിഞ്ഞു. ശനിയാഴ്ച അമേരിക്കയില്‍ 3,309 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഫൈസര്‍ വാക്‌സിന് 95 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി സ്ഥരീകരിച്ചിരുന്നു. 44,000 പേരിലാണ് കൊവിഡ് വാക്‌സിന്റെ പരീക്ഷണം നടത്തിയത്.

ബ്രിട്ടനിലും ഫൈസര്‍ കമ്പനിയുടെ വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങിയിരുന്നു. അതേസമയം വാക്‌സിന്‍ സ്വീകരിച്ച രണ്ട് പേരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അലര്‍ജിയുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന നിര്‍ദേശം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid: First round of US vaccinations to begin on Monda