വര്‍ക്കലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കടകംപള്ളി സുരേന്ദ്രന്‍
COVID-19
വര്‍ക്കലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കടകംപള്ളി സുരേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Monday, 16th March 2020, 5:28 pm

തിരുവന്തപുരം: വര്‍ക്കലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്തിടപഴകിയ 30 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലത്ത് വാഹനാപകടത്തില്‍പ്പെട രോഗി കാര്യങ്ങള്‍ കൈകാര്യം ചെയ്തത് അശ്രദ്ധയോടെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കൊവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വര്‍ക്കലയിലാകെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

ഇറ്റാലിയന്‍ പൗരനുമായി അടുത്തിടപഴകിയ ജര്‍മന്‍ യുവതിയെയും മറ്റൊരു റിസോര്‍ട്ടിലെ താമസക്കാരനായ അമേരിക്കന്‍ യുവാവിനെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളെജിലെത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കി. പനിയും തൊണ്ടവേദനയുമുള്ള ഇരുവരും നിരീക്ഷണത്തിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി ആദ്യം പാപനാശത്ത് എത്തിയ നാല് ഇറ്റലിക്കാര്‍ സ്വമേധയാ ആശുപത്രിയില്‍ പോകാന്‍ തയ്യാറായി. ഇവരെ ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ച് പരിശോധന നടത്തി. മാതാപിതാക്കളും പെണ്‍കുട്ടിയും മറ്റൊരു യുവതിയുമാണ് സംഘത്തിലുണ്ടായത്. ഇവര്‍ക്ക് അസ്വസ്ഥതകളോ രോഗലക്ഷണമോ ഇല്ല.


വര്‍ക്കല ഹെലിപ്പാഡ് കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. അതിഥിസംസ്ഥാന തൊഴിലാളികള്‍ തങ്ങുന്ന സ്ഥലങ്ങളില്‍ അവരുടെ യാത്രാ വിവരങ്ങളടക്കം പ്രത്യേക സ്‌ക്വാഡ് വഴി ശേഖരിക്കുന്നു. റിസോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, ഹോം സ്റ്റേ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

ഇവിടങ്ങള്‍ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. വിദേശ ടൂറിസ്റ്റുകളുടെ യാത്രാവിവരങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. വിദേശത്ത് നിന്നും നാട്ടിലെത്തിയവര്‍ രോഗലക്ഷണമില്ലെങ്കിലും വീടുകളില്‍ തന്നെ കഴിയണം.

മുന്‍കരുതലിന്റെ ഭാഗമായി തീരത്തെ ലൈഫ് ഗാര്‍ഡുകള്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നല്‍കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ ബാനറുകള്‍ സ്ഥാപിക്കുകയും ടൂറിസം മേഖലയില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ 0471- 2552056, 0471- 2309250,0471- 2309251 നമ്പറുകളില്‍ ബന്ധപ്പെടണം.

WATCH THIS VIDEO: