അന്തരീക്ഷ ഊഷ്മാവ് കൊവിഡില്‍ നിന്ന് രക്ഷിക്കുമോ?
COVID-19
അന്തരീക്ഷ ഊഷ്മാവ് കൊവിഡില്‍ നിന്ന് രക്ഷിക്കുമോ?
ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2020, 5:04 pm

‘അന്തരീക്ഷ ഊഷ്മാവ് കൂടിയ ഇടങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറവ്’ എന്ന തെറ്റിദ്ധാരണജനകമായ രീതിയില്‍ ഒരു വാര്‍ത്താ ശകലം പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ടു.

ഈ വാര്‍ത്തയില്‍ ഉദ്ധരിച്ചിരിക്കുന്ന പഠനം രോഗം പടരാന്‍ ”കൂടുതല്‍’ സാധ്യത എവിടൊക്കെ ഉണ്ടാവാമെന്ന് ഭാവിയില്‍ പ്രവചിക്കാനായേക്കും എന്ന സൂചന മാത്രമാണ് നല്‍കുന്നത്. ലഭ്യമായ ഡാറ്റാ അനുസരിച്ച് രൂപീകരിച്ച ഒരു സാധ്യതാ സിദ്ധാന്തം (Hypothesis/പരികല്‍പ്പന) മാത്രമാണ്.

ഈ പഠന സംഘത്തിലുള്ള, IHV യുടെ ഡയറക്ടറും, ഗ്ലോബല്‍ വാക്‌സിന്‍ നെറ്റ്വര്‍ക്ക് ബോര്‍ഡ് ചെയര്‍മാനും കൂടിയായ ഡോ: റോബര്‍ട്ട് സി ഗാലോ ഒന്നു കൂടി പറയുന്നുണ്ട്.

‘നാം ഒരു പാന്‍ഡെമിക്കിനെ (മഹാമാരിയെ) നേരിടുമ്പോള്‍ കാലാവസ്ഥ ഘടകങ്ങള്‍ കൂടാതെ അനേകം ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്, ജനസാന്ദ്രത, മറ്റു മാനുഷിക ഘടകങ്ങള്‍, വൈറസിന്റെ ജനിതക പരിണാമം, രോഗമുണ്ടാക്കുന്ന പ്രക്രിയകള്‍ ഇത്യാദി’.

നമ്മളെ സംബന്ധിച്ചിടത്തോളം ജനസംഖ്യ, ജനസാന്ദ്രത, പൊതു ശുചിത്വത്തിലുള്ള കുറവ്, സാമൂഹിക അകലം പാലിക്കുന്നതിലുള്ള പരിമിതികള്‍, ആരോഗ്യ മേഖലയിലെ അപര്യാപ്തതകള്‍ എന്നിവ രോഗം നേരത്തേ കണ്ടെത്തി രോഗപ്പകര്‍ച്ച തടയാനുള്ള ശ്രമങ്ങളില്‍ വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.

അപ്പോള്‍ ചോദ്യം ഇതാണ്, അന്തരീക്ഷ ഊഷ്മാവ് രോഗപ്പകര്‍ച്ചയെ ബാധിക്കുന്നതെങ്ങനെയാവും?

പ്രധാന പകര്‍ച്ചാ മാര്‍ഗ്ഗങ്ങളിലൊന്നായ Droplet infection (സ്രവ കണികകള്‍ മുഖേനയുള്ള ) നെ അന്തരീക്ഷ ഊഷ്മാവ് സ്വാധീനിക്കാനിടയില്ല.

അടുത്തിരിക്കുന്ന ഒരാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ കണികകള്‍ ഉള്ളില്‍ ചെന്ന് രോഗപ്പകര്‍ച്ചയുണ്ടാക്കാനുള്ള സാധ്യതയെ ഊഷ്മാവിലെ വ്യതിയാനം കുറയ്ക്കുന്നില്ല.

മറ്റൊരു മാര്‍ഗ്ഗമായ ഏയ്‌റോസോള്‍ മുഖേന ആശുപത്രികളില്‍ നടക്കാവുന്ന രോഗബാധയെയും അന്തരീക്ഷ ഊഷ്മാവ് ബാധിക്കാനിടയില്ല.

എന്നാല്‍ Fomite ട്രാന്‍സ്മിഷന്‍ അഥവാ സ്രവ കണികകള്‍ പറ്റിയിരിക്കുന്ന പ്രതലങ്ങളില്‍ സ്പര്‍ശനത്തിലൂടെ കൈകള്‍ മുഖേന ഉള്ളിലെത്തുന്ന രോഗപ്പകര്‍ച്ചയെ ഊഷ്മാവ് സ്വാധീനിച്ചേക്കാം. കാരണം കണികകള്‍ വീഴുന്ന പ്രതലം ചൂടേറിയതാണെങ്കില്‍ അവയിലെ രോഗാണുക്കള്‍ വേഗം നശിച്ചേക്കാം.

അന്തരീക്ഷ ഈര്‍പ്പ (Humidity) ത്തിന്റെയും മറ്റു ഘടകങ്ങളുടെയും സ്വാധീനമെന്ത്?

പഠനത്തില്‍ പറഞ്ഞിരിക്കുന്ന ഘടകങ്ങളില്‍ രണ്ടാമത്തേത് അന്തരീക്ഷ ഈര്‍പ്പമാണ്,
20-80 വരെ ഈര്‍പ്പം വൈറസ് ബാധയ്ക്ക് ഗുണകരമായേക്കാം എന്നാണ്. കേരളത്തിലെ പലയിടങ്ങളിലെയും ഈര്‍പ്പം ഈ റേഞ്ചിനുളളില്‍ വരാറുണ്ട്.

വേനലിലും അന്തരീക്ഷ താപനില താഴ്ന്ന് നില്‍ക്കുന്ന ഹൈറേഞ്ച് പ്രദേശങ്ങളിലും കേരളത്തില്‍ മനുഷ്യര്‍ വസിക്കുന്നുണ്ട് എന്നതും ഓര്‍ക്കണം.

കേവലം രണ്ടു മാസത്തിനുള്ളില്‍ മഴ തുടങ്ങിയാല്‍ അന്തരീക്ഷ ഊഷ്മാവ് മാറും എന്ന് മാത്രമല്ല മറ്റ് മഴക്കാല രോഗങ്ങളും തല പൊക്കിയേക്കാം.

ഇത്തരമൊരു സിദ്ധാന്തത്തെ പ്രചരിപ്പിക്കുന്നത് കൊണ്ടുള്ള അപകടങ്ങളെന്തൊക്കെ?

ഇതൊക്കെ കേവലം താത്വികമായ സാധ്യതകള്‍ മാത്രമാണ്, തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളല്ല.

ഇത്തരം അമിത ആത്മവിശ്വാസങ്ങള്‍, രോഗപ്രതിരോധത്തിനായുള്ള പ്രവൃത്തികളില്‍ വെള്ളം ചേര്‍ക്കാന്‍ ഇടയാവുന്നത് അപകടമാണ്.

വാര്‍ത്തകളിലെ തലക്കെട്ടുകള്‍ക്കപ്പുറം വായിക്കാന്‍ മെനക്കെടാത്ത, അപഗ്രഥിക്കാന്‍ കഴിവില്ലാത്ത, ലളിത യുക്തികളില്‍ അഭിരമിക്കാന്‍ താല്‍പ്പര്യമുള്ള കൂട്ടങ്ങളിലൊക്കെപ്പെടുന്നവര്‍ ഒരു മിഥ്യാ സുരക്ഷിതത്വ ബോധത്തിനടിമയാവുന്നത് പ്രതിബന്ധം ഉണ്ടാക്കും. ഇത്തരക്കാര്‍ കൈകളുടെ ശുചിത്വം, ആള്‍ക്കൂട്ടം ഒഴിവാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ശരിയായി ആചരിക്കാതിരുന്നാല്‍ രോഗപ്പകര്‍ച്ച സാധ്യത ഉയരാനാണിട.

മുങ്ങാന്‍ പോകുമ്പോള്‍ കച്ചിത്തുരുമ്പും പിടിക്കും എന്ന് പറയുന്ന പോലെ അന്തരീക്ഷ ഊഷ്മാവില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് മാത്രമാവുകയും, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്ന പരിപാടി ശരിയാകില്ല. മതപരമായ ചടങ്ങുകള്‍ക്കും, വിവാഹങ്ങള്‍ക്കും, തെരഞ്ഞെടുപ്പുകള്‍ക്കും, ഫാന്‍സ് പ്രകടനങ്ങള്‍ക്കും ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യത്തെപറ്റി തന്നെയാണ് പറയുന്നത്.

ഊഷ്മാവിന്റെ പ്രയോജനം (ഉണ്ടെങ്കില്‍) പോലും ജനസാന്ദ്രത പോലുള്ള മറ്റു ഘടകങ്ങള്‍ അതിനെ നിഷ്ഫലമാക്കാം. ജനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ അതിന് ആക്കം കൂട്ടും.

ചൂട് പല തരത്തില്‍ ബാധിക്കാം എന്നതും ഓര്‍ക്കണം നമ്മള്‍ കൈയ്യുടെ ശുചിത്വത്തെക്കുറിച്ചു പറയുമ്പോള്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം ഇതിനെയൊക്കെ പ്രതികൂലമായി ബാധിക്കും എന്നോര്‍ക്കുക. കൂടെ കൃഷി, ഭക്ഷണ ലഭ്യത, മറ്റ് രോഗങ്ങള്‍ (വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം) എന്നിവയൊക്കെ പ്രതിസന്ധികളാകാം.

പറഞ്ഞു വന്നത് അന്തരീക്ഷ ഊഷ്മാവ് രക്ഷിച്ചേക്കും എന്ന ചിന്ത കരുതലില്ലായ്മയിലേക്കും രോഗവ്യാപനത്തിലേക്കും നയിച്ചേക്കാം. അതീവ നിര്‍ണ്ണായക ദിവസങ്ങളാണ് അതിജാഗ്രതയോടെയിരിക്കാം ആലസ്യം പാടില്ല.

ഈ ലിസ്റ്റ് നോക്കൂ, കൊവിഡ് ബാധിച്ച പ്രദേശവും അവിടുത്തെ അന്തരീക്ഷ ഊഷ്മാവുമാണ്.

റിപ്പബ്ലിക് ഓഫ് കൊറിയ, സോള്‍ 3 – 21 ഡിഗ്രി
ജപ്പാന്‍, ടോക്യോ 4 – 22
മലേഷ്യ, കുലാലംപുര്‍ 24 – 36
സിംഗപ്പൂര്‍ 26 – 34
ഫിലിപ്പൈന്‍സ്, മണില 25 – 35
വിയറ്റ്‌നാം, ഹനോയി 19 – 29
ബ്രൂണൈ ദറുസലാം, 25 – 34
കമ്പോഡിയ, Phnom Penh 25 37
ന്യൂസിലന്‍ഡ്, വെല്ലിങ്ടണ്‍ 12 – 20
ഗുവാം 24 – 31
ഇറ്റലി, റോം 4 – 20
സ്‌പെയിന്‍, മാഡ്രിഡ് 4 – 21
ഫ്രാന്‍സ്, പാരീസ് 2 – 18
ജര്‍മ്മനി, ബെര്‍ലിന്‍ -2 – 17
സ്വിറ്റ്‌സര്‍ലണ്ട്, ബേണ്‍ -1 – 18
യുണൈറ്റഡ് കിങ്ഡം, 1 – 14
നെതര്‍ലാന്‍ഡ്‌സ്, ആംസ്റ്റര്‍ഡാം 0 – 12
നോര്‍വേ, ഓസ്ലോ -3 – 10
ഓസ്ട്രിയ, വിയന്ന -3 – 19
ബെല്‍ജിയം, ബ്രസല്‍സ് 0 – 17
സ്വീഡന്‍, സ്റ്റോക്ക്‌ഹോം -4 – 10
ഡെന്‍മാര്‍ക്ക്, കോപ്പന്‍ഹേഗന്‍ 0 – 10
ചെക്ക് റിപ്പബ്ലിക്ക്, പ്രാഗ് -3 – 17
ഗ്രീസ്, ഏതന്‍സ് 5 – 20
പോര്‍ച്ചുഗല്‍, ലിസ്ബണ്‍ 2 – 24
ഇസ്രയേല്‍, ടെല്‍അവീവ് 12 – 22
ഫിന്‍ലാന്‍ഡ്, ഹെല്‍സിങ്കി -4 – 8
സ്ലൊവേനിയ, Ljubljana 4 20
അയര്‍ലന്‍ഡ്, ഡബ്ലിന്‍ 1 – 12
എസ്റ്റോണിയ, ടാലിന്‍ -3 – 8
ഐസ്ലന്‍ഡ് -7 – 0
റൊമേനിയ, ബുച്ചാറെസ്റ്റ് -3 – 19
പോളണ്ട്, വാഴ്‌സോ -4 – 16
സാന്‍ മരീനോ -2 – 14
ലക്‌സംബര്‍ഗ് -1 – 16
സ്ലൊവാക്യ -3 – 18
ബള്‍ഗേറിയ, സോഫിയ -6 – 17
സെര്‍ബിയ, ബെല്‍ഗ്രേഡ് -2 – 21
ക്രൊയേഷ്യ -2 – 22
അര്‍മേനിയ 2 – 15
അല്‍ബേനിയ 3 – 21
ഹങ്കറി, ബുഡാപെസ്റ്റ് -3 – 20
ബലാറസ്, -6 – 12
റിപ്പബ്ലിക് ഓഫ് മോള്‍ഡോവ -3 – 17
ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, Sarajevo 4 20
നോര്‍ത്ത് മാസിഡോണിയ -2 – 19
ഉക്രൈന്‍, കീവ് -3 – 16
ഇന്തോനേഷ്യ, ജക്കാര്‍ത്ത 24 – 32
തായ്ലന്‍ഡ്, ബാങ്കോക്ക് 27 – 34
ശ്രീലങ്ക, കൊളംബോ 25 – 32
മാലിദ്വീപ്, മാലി 28 – 32
ബംഗ്ലാദേശ്, ധാക്ക 20 – 33
ഇറാന്‍, ടെഹ്‌റാന്‍ 7 – 19
ഖത്തര്‍, ദോഹ 16 – 27
ബഹറിന്‍, മനാമ 18 – 28
ഈജിപ്ത്, കെയ്‌റോ 13 – 23
സൗദി അറേബ്യ, റിയാദ് 11 – 31
കുവൈറ്റ് 12 – 26
ഇറാഖ്, ബാഗ്ദാദ് 9 – 24
ലെബനന്‍ 10 – 20
യുണൈറ്റഡ് അറബ് എമിരേറ്റ്‌സ്, അബുദാബി 20 – 30
മൊറോക്കോ, കാസബ്ലങ്ക 11 – 20
ടുണീഷ്യ, 20 – 20
പാലസ്തീന്‍ 3 – 18
ചിലി, സാന്‍ഡിയാഗോ 11 – 29
പെറു, ലിമ 21 – 28
പനാമ 22 – 33
അര്‍ജന്റീന, ബ്യൂണസ് അയേഴ്‌സ് 17 – 29
ഇക്വഡോര്‍ 7 – 20
കൊളംബിയ 8 – 28
കോസ്റ്റാറിക്ക 17 – 27
ജമൈക്ക, കിങ്സ്റ്റണ്‍ 22 – 31
പരാഗ്വേ, അൗെിരശീി 17 35
ഗയാന 23 – 30
ബഹാമാസ്, ചമമൈൗ 22 28
സൗത്ത് ആഫ്രിക്ക, ജോഹന്നാസ്ബര്‍ഗ് 13 – 24
അല്‍ജീരിയ, അള്‍ജിയേഴ്‌സ് 11 – 19
സെനഗല്‍, Dakar 18 27
റുവാണ്ട, Kigali 17 27
കാമറൂണ്‍, Yaounde 21 31
കെനിയ 14 – 25

വളരെയധികം വിസ്തീര്‍ണമുള്ള പല ടൈം സോണ്‍ ഉള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. ലിസ്റ്റില്‍ പറയുന്ന രാജ്യങ്ങളിലൊക്കെ പല സ്ഥലങ്ങളില്‍ പല അന്തരീക്ഷതാപനില ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. പക്ഷേ, ഈ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ ഏതെങ്കിലും ഒന്നിലെ താപനിലയാണ് എഴുതിയിരിക്കുന്നത്. മിക്കതും തലസ്ഥാനം തന്നെ. ഇതില്‍ പലസ്ഥലങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്രയും സ്ഥലങ്ങളില്‍ ലോക്കല്‍ ട്രാന്‍സ്മിഷന്‍ നടന്നിട്ടുണ്ട്. ഉയര്‍ന്ന അന്തരീക്ഷതാപനില ഉള്ള പലസ്ഥലങ്ങളിലും കേസുകളുടെ എണ്ണം കുറവാണ് എന്നത് ഇപ്പോഴത്തെ കണക്കനുസരിച്ച് ശരിയാണ്. പക്ഷേ കൂടുതല്‍ വ്യാപിക്കുമോ ഇല്ലയോ എന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്.

അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയില്‍ ചൂട് കൂടുതലുള്ള സ്ഥലങ്ങളില്‍ അസുഖം വരാന്‍ സാധ്യത കുറവാണ് എന്ന് കരുതാന്‍ പാടില്ല, അത് തയ്യാറെടുപ്പുകളെ ദോഷകരമായി ബാധിക്കും. ഒരിക്കല്‍ പൊട്ടിപ്പുറപ്പെട്ടാല്‍ പിന്നെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള അസുഖമാണ്. ഇറ്റലിയും ചൈനയും സ്‌പെയിനും ജര്‍മനിയും ഒക്കെ അതിനുദാഹരണമാണ്.

എഴുതിയത്
ഡോ: ജിനേഷ് പി എസ് , ഡോ: ദീപു സദാശിവന്‍ , ഡോ: കിരണ്‍ നാരായണന്‍ , ഡോ: മോഹന്‍ ദാസ്

കടപ്പാട്- ഇന്‍ഫോക്ലിനിക്ക്