പോക്സോ കേസുകളിൽ ഭൂരിഭാ​ഗവും മാതാപിതാക്കൾ നൽകുന്ന അനാവശ്യ കേസുകൾ; കോടതിക്ക് അമിതഭാരം: സുപ്രീംകോടതി ജഡ്ജി
Kerala News
പോക്സോ കേസുകളിൽ ഭൂരിഭാ​ഗവും മാതാപിതാക്കൾ നൽകുന്ന അനാവശ്യ കേസുകൾ; കോടതിക്ക് അമിതഭാരം: സുപ്രീംകോടതി ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2023, 7:42 pm

കൊച്ചി: പ്രണയബന്ധത്തെ എതിർത്ത് മാതാപിതാക്കൾ നൽകുന്ന അനാവശ്യ പോക്സോ കേസുകൾ കോടതിക്ക് അമിതഭാ​രമുണ്ടാക്കുന്നുണ്ടെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്.

ദക്ഷിണേന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരെ പ​ങ്കെടുപ്പിച്ച്​ കേരള ഹൈക്കോടതി സംഘടിപ്പിച്ച സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർ‍ശം.
പോക്​സോ നിയമം, ബാലനീതി, കുട്ടികളിലെ ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചർച്ച.

മിക്ക പോക്സോ കേസുകളും കുട്ടികളുടെ പ്രണയബന്ധത്തെ എതിർത്ത് മാതാപിതാക്കൾ നൽകുന്നതാണ്. ഇത് മാറേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര, അസം, പശ്ചിമ ബം​ഗാൾ തുടങ്ങിയ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 25ശതമാനം പോക്സോ കേസുകളും പ്രണയബന്ധത്തെ എതിർത്ത് മാതാപിതാക്കൾ നൽകിയതാണെന്ന് പഠനത്തിൽ തെളിഞ്ഞിരുന്നു.

ഇത്തരം വ്യാജ കേസുകൾ കാരണം രാജ്യത്തെ യുവാക്കൾക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും അവർ ജയിലിലടക്കപ്പെടുകയാണെന്നും എസ്. രവീന്ദ്രഭട്ട് ചൂണ്ടിക്കാട്ടി. പോക്സോ നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാകാം ഇതിന് കാരണം.

നിയമത്തെ കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും മറ്റ് മുതിർന്ന പൗരന്മാകർക്കും കൃത്യമായി ബോധവത്ക്കരണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: courts says they are overburdened with fake pocso cases in the name of romantic relationships