ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. വ്യക്തമായ കേസുകളും ഗുരുതരമായ പ്രശ്‌നങ്ങളും ഇല്ലാത്തപക്ഷം വഖഫ് നിയമത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടേതാണ് പരാമര്‍ശം. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ ഭരണഘടനാപരമാണെന്നും സുപ്രീം കോടതി പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.
വാദത്തിനിടെ ഹരജിക്കാരുടെ ആവശ്യങ്ങള്‍ മൂന്ന് വിഷയങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്തണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
‘ഹരജിക്കാരുടെ രേഖാമൂലമുള്ള വാദങ്ങള്‍ ഇപ്പോള്‍ മറ്റ് വിഷയങ്ങളിലേക്കും വ്യാപിക്കുകയാണ്. വഖഫ് ഉടമയുടെ അവകാശം, വഖഫ് കൗണ്‍സിലിലേക്കും സംസ്ഥാന വഖഫ് ബോര്‍ഡുകളിലേക്കും അമുസ്‌ലിങ്ങളെ നിയമിക്കുന്നത്, വഖഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി എന്നീ മൂന്ന് കാര്യങ്ങളിലായിരിക്കണം ഹരജികള്‍ തുടരേണ്ടത്. ഈ വിഷയങ്ങളില്‍ തന്നെ വാദം ഒതുക്കി നിര്‍ത്തണമെന്നാണ് അഭ്യര്‍ത്ഥന,’ തുഷാര്‍ മേത്ത പറഞ്ഞു.
എന്നാല്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും ഈ വാദത്തെ എതിര്‍ത്തു. വഖഫ് വിഷയത്തില്‍ ഭാഗികമായി വാദം കേള്‍ക്കാനാകില്ലെന്ന് ഇരു അഭിഭാഷകരും പറഞ്ഞു. വഖഫ് ഭൂമികളുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കപില്‍ സിബല്‍ വാദിച്ചു.
പുതിയ നിയമമനുസരിച്ച് ഏതൊരു സ്വകാര്യ വ്യക്തിക്കും വഖഫുമായി ബന്ധപ്പെട്ട് പരാതി നല്‍കാമെന്നും തുടര്‍ന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഈ കേസിലെ ജഡ്ജിയാകാന്‍ കഴിയുമെന്നും സിബല്‍ പറഞ്ഞു. ഇവര്‍ ആരുടേയും അഭിപ്രായങ്ങള്‍ പരിഗണിക്കാതെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും സിബല്‍ വാദിച്ചു.
നേരത്തെ വഖഫ് ഭേദഗതി നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമത്തില്‍ ചില പോസിറ്റിവ് വശങ്ങളുണ്ടെന്നും നിയമനിര്‍മാണം കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി പറഞ്ഞിരുന്നു.
നിലവില്‍ വഖഫായി രേഖപ്പെടുത്തിയ സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണമെന്നും വഖഫ് ബോര്‍ഡില്‍ നിയമനം നടത്തരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ദരിദ്രരായ പൗരന്മാരുടെ ഭൂമി കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിനായാണ് നിയമം പാസാക്കിയതെന്ന് കേന്ദ്രം വാദിച്ചിരുന്നു.