കോടതിയാടാ പറയുന്നേ! ഫോണ്‍ താടാ! | Trollodu Troll | Actress Attack Case
അനുഷ ആന്‍ഡ്രൂസ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനോടും മറ്റ് പ്രതികളോടും അവരുടെ പക്കലുള്ള ആറ് ഫോണുകള്‍ കോടതിക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലാ എന്നോക്കെയാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. അതുകൊണ്ട് ദിലീപ് മുംബൈയിലെ ഏതോ ഫോറന്‍സിക് വിദഗ്ധര്‍ക്ക് ഫോണ്‍ കൈമാറിയത്രേ. ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പോലും ദിലീപിന്റെ ഭാഗം ആണ് തീരുമാനിക്കുന്നത് എന്ന് സാരം. മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് ഇത്

തേഞ്ഞു മാഞ്ഞ് പോകാനിരുന്ന ഈ കേസിന് കൂടുതല്‍ വെളിച്ചം കൊണ്ട് വന്ന റിപ്പോര്‍ട്ടര്‍ ടിവിക്കെതിരേയും റിപ്പോര്‍ട്ടറിന്റെ എം.ഡി, എം.വി. നികേഷ് കുമാറിനും എതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ പുതിയ വഴിത്തിരിവുകള്‍ കൊണ്ടുവന്ന ബാലചന്ദ്രകുമാര്‍ നികേഷിന് കൊടുത്ത ഒരു ഇന്റര്‍വ്യുവില്‍ വിചാരണ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു വിഷയം, കോടതിയുടെ അനുമതി ഇല്ലാതെ പ്രസിദ്ധീകരിച്ചു എന്ന പേരിലാണ് കേസ്.

നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ കൊടുക്കുന്നതിനും, നഗ്ന വീഡിയോ ഷൂട്ട് ചെയ്ത് വെച്ചതിനും, തെളിവ് നശിപ്പിക്കാന്‍ നോക്കിയതിനും അങ്ങനെ പലതിനും പ്രതിയായ, സംശയാസ്പദമായ ഒരുപാട് കാര്യങ്ങള്‍ ഇത്ര വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെയ്തു കൂട്ടിയ ദിലീപ് സ്വകാര്യതയെ കുറിച്ച് പ്രസംഗിച്ച്, കേസിലെ പ്രധാനപ്പെട്ട തെളിവായ തന്റെ ഫോണ്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറുമ്പോഴും, മാധ്യമങ്ങള്‍ ഈ കേസ് കവര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമ്പോഴും, അതെല്ലാം കണ്ടില്ല എന്ന് നടിച്ച്, മാധ്യമപ്രവര്‍ത്തകരുടെ വാ അടപ്പിച്ച് അവരെ പൂട്ടാന്‍ നോക്കുന്ന ജനാധിപത്യപരമല്ലാത്ത കാര്യങ്ങള്‍ക്കാണ് നമ്മുടെ നാട്ടില്‍ മുന്‍തൂക്കം കിട്ടുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു.


Content Highlights: Court to submit inquiry report on Dileep’s complaint; Police have registered a case against Nikesh Kumar.

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.