ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനു തിരിച്ചടി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ചിദംബരത്തെ കോടതി അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് 26 വരെയാണ് കസ്റ്റഡി കാലാവധി.
അതുവരെ എല്ലാ ദിവസവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അദ്ദേഹത്തെ അരമണിക്കൂര്‍ കാണാമെന്നും കോടതി വ്യക്തമാക്കി.
തങ്ങളിതു നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പ്രതികരിച്ചു. വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ എന്തു സംഭവിക്കുമെന്നു കാണാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി 27-ന് കേള്‍ക്കും. സി.ബി.ഐക്കെതിരെ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ചയാണ് കേള്‍ക്കുക.
നേരത്തേ ചിദംബരത്തിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ അഭിഭാഷകര്‍ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയുമാണ് കോടതിയില്‍ ഹാജരായത്. ഇവരുടെ വാദങ്ങളെ ‘മാസ്റ്റര്‍ ക്ലാസ്സ്’ എന്നായിരുന്നു കാര്‍ത്തി വിശേഷിപ്പിച്ചത്.