അഴിമതി കേസില്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റിനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം
World
അഴിമതി കേസില്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റിനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th August 2025, 7:47 pm

ന്യൂദല്‍ഹി: മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റിനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം നല്‍കി കോടതി. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന റിനില്‍ സൂം മീറ്റ് വഴിയാണ് കോടതിയില്‍ ഹാജരായത്. സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍ ആയത്.

2023ല്‍ പ്രസിഡന്റ് ആയ സമയത്ത് ഭാര്യയുടെ ബിരുദ്ധധാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ യാത്രയ്ക്ക് പൊതു പണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് റിനില്‍ വിക്രമസിംഗെ അറസ്റ്റിലായത്.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങ് ഔദ്യോഗികമായ ഒരു പരിപാടി ആയിരുന്നില്ലെന്നും റിനില്‍ വിക്രമസിംഗെ അതിനുള്ള ചെലവ് സര്‍ക്കാര്‍ പണത്തില്‍ നിന്നും ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച വാദം.

അറസ്റ്റിന് പിറകെ വന്‍ പ്രതിഷേധം ആയിരുന്നു ശ്രീലങ്കയില്‍ ഉയര്‍ന്നത്. ഇതിനിടെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജയില്‍ ആശുപത്രിയില്‍ നിന്ന് നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേസിന്റെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് വന്‍ സുരക്ഷയായിരുന്നു പൊലീസ് ക്രമീകരിച്ചത്. കോടതിക്ക് മുന്നില്‍ വെച്ച് ഇടതു പ്രതിപക്ഷ സര്‍ക്കാര്‍ മുന്‍ പ്രസിഡന്റിനെതിരെ പ്രതിഷേധമായി എത്തിയിരുന്നു. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളും പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുകയായിരുന്നു.

2022 മുതല്‍ 2024 വരെ ശ്രീലങ്കയുടെ പ്രസിഡന്റായി റിനില്‍ വികരമസിംഗെ സേവനമനുഷ്ഠിച്ചിരുന്നു. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റ് ആയിരുന്നു റിനില്‍. ആറ് തവണ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ 2024ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പവറിന്റെ നേതാവിനോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.

Content Highlight: Court grants bail to former Sri Lankan President Ranil Wickremesinghe