കൊച്ചി: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് വീണ്ടും കോടതിയുടെ കര്‍ശന നിര്‍ദേശം. ഏഴ് ദിവസത്തിനകം യൂട്യൂബ് ചാനലിലെ സ്ത്രീവിരുദ്ധ വീഡിയോ നീക്കം ചെയ്യണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
സ്ത്രീവിരുദ്ധ വീഡിയോകള്‍ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യുന്നത് വിലക്കിക്കൊണ്ടാണ് കോടതിയുടെ നടപടി. സ്ത്രീവിരുദ്ധ വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനി നല്‍കിയ പരാതിയിലാണ് നിര്‍ദേശം.
യുവതിയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടിയ ഷാജന്‍ സ്‌കറിയക്ക് അഞ്ച് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിനായി നവംബര്‍ 15ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. വിചാരണയ്ക്കായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസില്‍ സമാന സ്വഭാവമുള്ള മറ്റൊരു പരാതിയും യുവതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം യൂട്യൂബില്‍ വീഡിയോ പങ്കുവെച്ചെന്നായിരുന്നു പരാതി.