ലൈംഗികാതിക്രമക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി
India
ലൈംഗികാതിക്രമക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2025, 2:39 pm

ബെംഗളൂരു: ജെ.ഡി.എസ്. നേതാവും മുന്‍ ഹാസ്സന്‍ എം.പിയും നിരവധി ലൈംഗികാതിക്രമ കേസിലെ കുറ്റാരോപിതനുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി.

മൈസൂരിലെ കെ.ആര്‍ നഗറില്‍ നിന്നുള്ള വീട്ടുജോലിക്കാരി നല്‍കിയ ബലാത്സംഗ കേസിലാണ് പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിധി വന്നത്. നാളെയാകും (ശനിയാഴ്ച) കോടതി പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്.

അതേസമയം പ്രജ്വല്‍ രേവണ്ണ തെറ്റുചെയ്തെന്ന് തെളിഞ്ഞാല്‍ അവനെ തൂക്കിക്കൊല്ലട്ടെ എന്ന് ജെ.ഡി.എസ്. എം.എല്‍.എയും പ്രജ്വലിന്റെ അച്ഛനുമായ എച്ച്.ഡി. രേവണ്ണ കര്‍ണാടക നിയസഭയില്‍ ഈയിടെ പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍. നിരവധി പേരെ പ്രജ്വല്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ ഉടനീളം വിതരണം ചെയ്യപ്പെടുകയും ചെയ്തു. ഈ കേസ് കാരണം കര്‍ണാടകയില്‍ ജെ.ഡി.എസിനും സംഖ്യകക്ഷിയായ ബി.ജെ.പിക്കും വലിയ തിരിച്ചടി സംഭവിക്കുകയും ചെയ്തു.

Content Highlight: Court finds former JDS MP Prajwal Revanna is convicted in sexual assault case