കൊച്ചി: എ.എം.എം.എ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് നിര്‍ദേശം. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള പരാതികളില്‍ അന്വേഷണത്തിനും കോടതി നിര്‍ദേശിച്ചു.
ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതായി അന്‍സിബ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാനാവില്ലെന്നായിരുന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് അന്‍സിബ കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് ഇപ്പോള്‍ കോടതിയുടെ നിര്‍ദേശം.
അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പരാതിയില്‍ അന്‍സിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എ.എം.എം.എ മുന്‍ പ്രസിഡന്റ് ശ്വേത മേനോന്‍, എക്‌സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
തനിക്കെതിരായ പ്രചാരണങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച അന്‍സിബ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ പിറകെ തനിക്കെതിരായ വ്യക്തി അധിക്ഷേപങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പ് അന്‍സിബ സമൂഹ മാധ്യമങ്ങളിള്‍ പങ്കുവച്ചിരുന്നു. തന്നെ ‘ജിഹാദി’ എന്നും ‘മേത്തിച്ചി’ എന്നും വിളിച്ച് അധിക്ഷേപിച്ചതായാണ് സമൂഹ മാധ്യമങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
ആദ്യം തന്നെ ‘മേത്തച്ചി’യാക്കിയെന്നും പിന്നെ ‘ജിഹാദി’യാക്കിയെന്നും മതപരിവര്‍ത്തനത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും അന്‍സിബ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇനിയും അവര്‍ തന്നെ ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുമെന്ന് തനിക്കറിയാമെന്നും അന്‍സിബ പറഞ്ഞിരുന്നു. ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും താന്‍ പൊരുതാന്‍ തീരുമാനിച്ചത്. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
‘എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി… ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നു. ”’ ഫേസ്ബുക്കില്‍ ഈ ശനിയാഴ്ച പങ്കുവെച്ച കുറിപ്പില്‍ അന്‍സിബ പറയുന്നു.
‘ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു.
കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസ്സമായില്ല. ലക്ഷങ്ങള്‍ ഒഴുക്കി പി.ആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.’ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അന്‍സിബ പറയുന്നു.
‘ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്,’ എന്ന് പറഞ്ഞാണ് അന്‍സിബ കുറിപ്പ് അവസാനിപ്പിപ്പിച്ചത്.
Content Highlight: Court Direct Police to register case agaist Tini Tom on petition of Ansiba
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.