പ്രതിരോധം മാത്രം, സംഘര്‍ഷത്തിലേക്ക് രാജ്യത്തെ വലിച്ചിഴക്കില്ല; ഇറാനെ ആക്രമിച്ചെന്ന ഇസ്രഈല്‍ വാദം തള്ളി യു.എ.ഇ
Iran US Conflict
പ്രതിരോധം മാത്രം, സംഘര്‍ഷത്തിലേക്ക് രാജ്യത്തെ വലിച്ചിഴക്കില്ല; ഇറാനെ ആക്രമിച്ചെന്ന ഇസ്രഈല്‍ വാദം തള്ളി യു.എ.ഇ
അനിത സി
Monday, 9th March 2026, 8:16 am

അബുദാബി: ഇറാനില്‍ നിന്നുള്ള തുടര്‍ച്ചയായ വ്യോമാക്രമണത്തിന് മറുപടിയായി യു.എ.ഇ ഇറാനിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം നടത്തിയെന്ന ഇസ്രഈലി മാധ്യമങ്ങളുടെ വ്യാജ പ്രചാരണം തള്ളി യു.എ.ഇ.

ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി യു.എ.ഇ പ്രതിരോധാവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘര്‍ഷങ്ങളിലേക്കോ രൂക്ഷമായ ആക്രമണങ്ങളിലേക്കോ രാജ്യത്തെ വലിച്ചിഴയ്ക്കാന്‍ താത്പര്യമില്ലെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഇറാനിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യു.എ.ഇ ആണെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ വ്യാജ വാര്‍ത്തകളെന്ന് യു.എ.ഇ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയര്‍മാനും യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവുമായ ഡോ. അലി റാഷിദ് അല്‍ നുഐമി വിശേഷിപ്പിച്ചു.

യു.എ.ഇ എന്തെങ്കിലും ചെയ്യുമ്പോള്‍ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇസ്രഈലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്ന ബ്രീഫിങ്ങുകളും വിശകലനം ചെയ്യാന്‍ യു.എ.ഇ ശ്രമിക്കുകയാണെന്നും മുതിര്‍ന്ന യു.എ.ഇ ഉദ്യോഗസ്ഥന്‍ ദി ജെറുസലേം പോസ്റ്റിനോട് പ്രതികരിച്ചു.

ഇസ്രഈല്‍ നേരത്തെയും സമാനമായ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഖത്തര്‍ ഇറാനില്‍ ആക്രമണം നടത്തിയതായി കഴിഞ്ഞ ആഴ്ചയില്‍ ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ഖത്തര്‍ വാര്‍ത്ത നിഷേധിച്ചിരുന്നു.

സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

നേരത്തെ, ഇറാനിലെ ഹോര്‍മുസിലെ ഖേഷം ദ്വീപിലെ ഒരു ജലശുദ്ധീകരണ ശാല യു.എസ് ബോംബാക്രമണത്തില്‍ തകര്‍ത്തിരുന്നു. 30 ഗ്രാമങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെട്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രഈലും യു.എസും ഇറാന്റെ ആരോപണം നിഷേധിച്ചു.

അതേസമയം, ഫെബ്രുവരി 28ന് ഇറാനെ യു.എസും ഇസ്രഈലും സംയുക്തമായി ആക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യയിലെ അയല്‍ രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ തുടര്‍ച്ചയായി ലക്ഷ്യം വെയ്ക്കുകയാണ് ഇറാന്‍. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കുകയാണ് തിരിച്ചടിയിലൂടെ ചെയ്യുന്നതെന്ന് ഇറാന്‍ വിശദീകരിച്ചിരുന്നു.

ഇറാന് നേരെ ആക്രമണം ഉണ്ടാവുന്നില്ലെങ്കില്‍ ഇറാനും തിരിച്ചടിക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ പറഞ്ഞിരുന്നു. അയല്‍രാജ്യങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളോട് അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Content Highlight: Country will not be dragged into conflict; UAE rejects Israel’s claim of attacking Iran

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.