റിപ്പബ്ലിക് ദിനം കരിദിനമായി ആചരിച്ച് ഹിന്ദുമഹാസഭ
Daily News
റിപ്പബ്ലിക് ദിനം കരിദിനമായി ആചരിച്ച് ഹിന്ദുമഹാസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2016, 2:29 pm

hindu-mahasabha മീററ്റ്: ഇന്ത്യയെ “ഹിന്ദു രാഷ്ട്ര”മാക്കുമെന്ന പ്രതിജ്ഞയുമായി ഹിന്ദു മഹാസഭ റിപ്ലബ്ലിക് ദിനം കരിദിനമായി ആചരിച്ചു. ഭരണഘടനയെ ബഹിഷ്‌കരിക്കുന്നതിന്റെ സൂചകമായി സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ തെരുവില്‍ കറുത്ത പതാകയുയര്‍ത്തി.

സംഘടനയുടെ ദേശീയ ഉപനേതാവായ പണ്ഡിറ്റ് അശോക് ശര്‍മയുടെ നേതൃത്വത്തില്‍ അമ്പതുവര്‍ഷത്തോളമായി ഭരണഘടനയ്‌കെതിരെ പ്രതിഷേധമുയര്‍ത്തിവരികയാണ്. മഹാത്മാ ഗാന്ധിയുടെയും ശിഷ്യനായ ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഹിന്ദുത്വത്തിനെതിരെയുള്ള നയമാണ് ഇന്ത്യ ഒരു മതേതര രാഷ്ട്രമാകാനുള്ള കാരണമെന്നും ശര്‍മ പറഞ്ഞു.

തന്റെ ജീവിതലക്ഷ്യം ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്നതാണെന്ന് ശര്‍മ പറയുന്നു. മഹാത്മാ ഗാന്ധിയെ വധിച്ച നാഥൂറാം വിനായക് ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയാന്‍ വാദമുന്നയിച്ച് ശ്രമിച്ചതിലൂടെ പണ്ഡിറ്റ് അശോക് ശര്‍മ കഴിഞ്ഞവര്‍ഷം അന്താരാഷ്ട്രതലത്തില്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.