ഇനിയും കൊവിഡ് കീഴടക്കാത്ത രാജ്യങ്ങള്‍
ന്യൂസ് ഡെസ്‌ക്

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച കൊവിഡ്-19 ജനുവരി 12 വരെയും ചൈനയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു. പക്ഷെ തൊട്ടടുത്ത ദിവസം മുതല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലും തായ്‌ലാന്‍ഡിലും അമേരിക്കയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് രോഗം രാജ്യങ്ങളില്‍ നിന്നു രാജ്യങ്ങളിലേക്ക് പടരാന്‍ തുടങ്ങിയത്. ആറ് ഭൂഖണ്ഡങ്ങളിലേക്കും രോഗം പടരാന്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നില്ല. ദിവസങ്ങള്‍ക്കുള്ളിലാണ് ലോകം മുഴുവന്‍ കൊവിഡ്-19 എന്ന മഹാമാരിയുടെ പിടിയിലമര്‍ന്നത്. കൊവിഡ് പടരാത്ത ഏതെങ്കിലും ഒരു രാജ്യം ഇനി ലോകത്ത് ബാക്കിയില്ലെന്നാണ് പൊതുധാരണ, എന്നാല്‍ അങ്ങിനെയല്ല, ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം 18 രാജ്യങ്ങളില്‍ ഇതുവരെയും ഔദ്യോഗികമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഏതൊക്കെയാണ് ആ രാജ്യങ്ങളെന്ന് പരിശോധിക്കാം

കൊമോറോസ്, കിരിബാതി, ലെസോതോ, മാര്‍ഷല്‍ ഐലാന്‍ഡ്‌സ്, മിക്രോനേഷ്യ, നൗരു, പലാവു, സമോഅ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സോളമന്‍ ഐലന്‍ഡ്‌സ്, ദക്ഷിണ സുഡാന്‍, തജിക്കിസ്ഥാന്‍, ടോങ്ക, തുര്‍ക്ക്‌മെനിസ്ഥാന്‍, തുവാലു, വനാവ്ടു, യെമന്‍, ഉത്തര കൊറിയ ഇവയാണ് ആ 18 രാജ്യങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതില്‍ ഉത്തര കൊറിയ വിവരങ്ങള്‍ പുറത്തുവിടാത്തതായിരിക്കാമെന്നും യുദ്ധബാധിത പ്രദേശമായ യെമനില്‍ ആവശ്യമായ പരിശോധനകള്‍ നടക്കാത്തതുകൊണ്ടായിരിക്കാം കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കാത്തതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷെ മറ്റു രാജ്യങ്ങളിലൊന്നും കൊവിഡ് 19 ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലോകത്ത് പലര്‍ക്കും അത്ര പരിചിതമല്ലാത്ത ദ്വീപസമൂഹങ്ങളാണ് ഈ രാജ്യങ്ങളില്‍ മിക്കവയും. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കുറവ് ജനങ്ങള്‍ സന്ദര്‍ശിക്കുന്ന 10 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നവയും ഉണ്ട് ഇക്കൂട്ടത്തില്‍. സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ കാലത്ത് ലോകത്ത് മറ്റ് എവിടെത്തേക്കാളും സുരക്ഷിതമാണ് ഈ ഒറ്റപ്പെട്ട ദ്വീപസമൂഹങ്ങളെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അങ്ങിനെ ഒറ്റപ്പെട്ട ദ്വീപകളായതുകൊണ്ടു മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും കൊവിഡ് അകന്നുനില്‍ക്കുന്നത്.

കൊവിഡ്-19 കേസുകള്‍ ഇരട്ടിച്ചുകൊണ്ടിരിക്കുന്ന സമയത്തു പോലും കൃത്യമായ പ്രതിരോധ നടപടികളെടുക്കാന്‍ പല രാഷ്ട്രങ്ങളും മടിച്ചുനിന്നപ്പോള്‍ ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സമയത്ത്, മഹാമാരി വിതച്ചേക്കാവുന്ന വ്യാപ്തി കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചവയാണ് ഈ പല കുഞ്ഞന്‍ ദ്വീപുകളും. ഏറ്റവും അടുത്ത ദ്വീപില്‍ നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള, 10,000ത്തോളം മാത്രം ജനസംഖ്യയുള്ള നവ്‌രു നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മുഴുവന്‍ മാതൃകയാണ്.

മാര്‍ച്ച് 2ന് തന്നെ നൗരുലേക്ക് ചൈന, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ നിരോധിച്ചു. മാര്‍ച്ച് 7ന് ഇറാനില്‍ നിന്നുള്ളവരെയും നിരോധിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പോലും വര്‍ഷത്തില്‍ 160 സന്ദര്‍ശകള്‍ മാത്രമെത്തുന്ന നൗരു സ്വീകരിച്ച നടപടിയാണിതെന്ന് മനസ്സിലാക്കുമ്പോഴാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം ശ്രദ്ധയാണ് നൗരുവിലെ ഭരണകേന്ദ്രങ്ങള്‍ നല്‍കുന്നതെന്ന മനസ്സിലാകുക.

നൗരു എയര്‍ലൈന്‍സിനും ഇതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ആസ്‌ട്രേലിയയിയുടെ ഒരു മൈഗ്രന്‍ഡ് പ്രൊസസ്സിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന നൗരുവില്‍ അവിടേക്ക് ആരും എത്തിയില്ലെങ്കില്‍ പോലും, ഇനി ആരെങ്കിലും എത്താതിരിക്കാന്‍ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനും പ്രഖ്യാപിച്ചു.

നൗരുവിലേക്ക് എത്തുന്ന എല്ലാവരെയും നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാക്കുകയും ചെറിയ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ പോലും ഇവരുടെ സാംപിളുകള്‍ ശേഖരിച്ച് ടെസ്റ്റിംഗിന് അയക്കുകയും ചെയ്തു. നൗരുവില്‍ ടെസ്റ്റിംഗിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആസ്‌ട്രേലിയയില്‍ അയച്ചാണ് സാംപിളുകള്‍ ടെസ്റ്റ് ചെയ്യുന്നത്. ഇതുവരെയുള്ള എല്ലാ ഫലങ്ങളും നെഗറ്റീവ് തന്നെയാണ്.

ഒരു ആശുപത്രി മാത്രമുള്ള വെന്റിലേറ്ററുകള്‍ ഇല്ലാത്ത ആരോഗ്യപ്രവര്‍ത്തകരുടെ കടുത്ത ക്ഷാമമുള്ള ഒരു രാജ്യത്തിന് ചെറിയ പാളിച്ചകള്‍ക്ക് പോലും കനത്ത വില കൊടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കി എടുത്ത നടപടിയായിരുന്നു ഇത്. നിലവിലുള്ള ആരോഗ്യസംവിധാനങ്ങള്‍ സാധാരണനിലയില്‍ മതിയാകുമെങ്കിലും കൊവിഡ്-19 പോലൊരു മഹാമാരിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അതൊന്നും മതിയാകില്ലെന്ന് മനസ്സിലാക്കി എടുത്ത നടപടി, ഒരുപക്ഷെ പല രാഷ്ട്രങ്ങളും ഏറെ വൈകി ചിന്തിച്ച ഒരു നടപടി.

ക്യാപ്‌ച്ച്വെര്‍ ആന്‍ഡ് കണ്ടയ്ന്‍മെന്റ് എന്ന നടപടിയാണ് രാജ്യത്ത് നടപ്പാക്കിയതെന്നും അതിര്‍ത്തിയില്‍ വെച്ചു തന്നെ കാര്യങ്ങള്‍ വരുതിയിലാക്കാനാണ് ശ്രമിക്കുന്നതെന്നും നവ്‌രു പ്രസിഡന്റായ ലയണല്‍ ഐന്‍ഗിമിയ ബി.ബി.സിയോട് പറഞ്ഞു.

തന്റെ രാജ്യത്തില്‍ ഇതുവരെയും കൊവിഡ്-19 എത്തിയിട്ടില്ലെങ്കിലും ലോകത്തിന്റെ സ്ഥിതി ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ലയണല്‍ ഐന്‍ഗമിയ ചൂണ്ടിക്കാണിക്കുന്നു. ‘ഓരോ തവണയും കൊവിഡ്-19 മാപ്പിലേക്ക് നോക്കുമ്പോഴും ലോകത്താകെ മീസില്‍സ് പടര്‍ന്നുപ്പിടിച്ച പോലെയാണ്. എല്ലായിടത്തും ചുവന്നപ്പുള്ളികളാണ്. ഓരോ ദിവസവും ഇത് കൂടിക്കൂടി വരുന്നു.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നൗരുവിനെപ്പോലെ പസഫിക് സമുദ്രത്തിലെ കിരബാതി, ടോങ്ക, വന്വാടു തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങളെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം കൊവിഡ്-19 വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നു. ഈ രാജ്യങ്ങളുടെ ആരോഗ്യസംവിധാനം അത്ര ശക്തമല്ല. ഈ ചെറിയ രാജ്യങ്ങളില്‍ പലതിലും വെന്റിലേറ്റര്‍ സംവിധാനങ്ങല്‍ പോലുമില്ല. കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപ്പിടിച്ചാല്‍ ഒരുപക്ഷേ ഈ രാജ്യങ്ങള്‍ നാമവശേഷമാകിപ്പോകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്‍ കമ്മീഷണറായ ഡോ. കോളിന്‍ ടുക്കിയാടോങ്ക മുന്നറിയപ്പ് നല്‍കുന്നുണ്ട്.

‘വന്‍സമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ടുപ്പോയതായിരുന്നു ഈ രാജ്യങ്ങള്‍ക്ക് മുന്‍പ് എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത് എന്നാല്‍ ഈ ഒറ്റപ്പെടല്‍ ഇന്നവര്‍ക്ക് ഏറ്റവും വലിയ സുരക്ഷാകവചമായിരിക്കുകയാണ്’ ഡോ. കോളിന്‍ പറയുന്നു.

ഈ ദ്വീപസമൂഹങ്ങളെപ്പോലെ തന്നെ കൊവിഡിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച രാജ്യമാണ് കിഴക്ക് ആഫ്രിക്കയിലെ മലാവായി. എച്ച്.ഐ.വിയും ക്ഷയവുമെല്ലാം വ്യാപകനാശനഷ്ടങ്ങള്‍ വരുത്തിയ മലാവായി ഇനി മറ്റൊരു മഹാമാരിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന തീരുമാനത്തിലാണ്. ഇവിടെ കഴിഞ്ഞ ദിവസം മാത്രമാണ് ആദ്യ കൊവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ നാളുകള്‍ക്ക് മുന്‍പേ തന്നെ മലാവായില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടുകയും കൊവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു. ടെസ്റ്റിംഗ് നടപടികളും ആരംഭിച്ചു. ആരോഗ്യസംവിധാനങ്ങളും ജില്ലാ തലത്തിലുള്ള ബോധവത്കരണവും പ്രതിരോധനടപടികളും മെച്ചപ്പെടുത്തി. അതുകൊണ്ടു തന്നെ മലാവായി കൊവിഡിനെ നേരിടാന്‍ സുസജ്ജമാണെന്ന് ആരോഗ്യപ്രവര്‍ത്തകരും ഭരണകേന്ദ്രങ്ങളും ഒരുപോലെ തെളിവുകള്‍ സഹിതം അവകാശപ്പെടുന്നുണ്ട്. രോഗം പടരാന്‍ കാത്തുനില്‍ക്കാതെ ആരംഭിച്ച മുന്‍കരുതല്‍ നടപടികളാണ് ഇതിനു കാരണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പസഫിക് സമുദ്രങ്ങളിലെ ദ്വീപുകളിലേക്കായിരിക്കും ഏറ്റവും അവസാനം കൊവിഡ് എത്താന്‍ സാധ്യത എന്നുതന്നെയാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ രാജ്യങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നടപടികളെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. പക്ഷെ അതേ സമയം ആഗോള വ്യാപാരബന്ധങ്ങളുടെ ഈ കാലത്ത് എത്ര നാളത്തേക്കായിരിക്കും ഈ ലോക്ക് ഡൗണുമായി ഈ രാജ്യങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുക എന്നതില്‍ സംശയമുണ്ടെന്ന് പ്രൊഫ. ആന്‍ഡി ടാറ്റേം അഭിപ്രായപ്പെടുന്നു.

എങ്കിലും ഈ കുഞ്ഞന്‍ ദ്വീപുകള്‍ കൊവിഡ്-19 തടയാന്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ലോകത്തിന് മുഴുവന്‍ മാതൃകയാണെന്നതില്‍ ഇവര്‍ക്കും എതിരഭിപ്രായമില്ല.