കോപ്പ ലിബര്‍ട്ടഡോറെസ് ഫൈനല്‍ മാഡ്രിഡിലേക്ക് മാറ്റിയത് ആരാധകരെ കൊള്ളയടിക്കാനാണെന്ന് റിവര്‍പ്ലേറ്റ് പരിശീലകന്‍ മാര്‍സെലോ ഗല്ലാര്‍ഡോ
Football
കോപ്പ ലിബര്‍ട്ടഡോറെസ് ഫൈനല്‍ മാഡ്രിഡിലേക്ക് മാറ്റിയത് ആരാധകരെ കൊള്ളയടിക്കാനാണെന്ന് റിവര്‍പ്ലേറ്റ് പരിശീലകന്‍ മാര്‍സെലോ ഗല്ലാര്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th December 2018, 11:20 am

ബ്യൂണസ് ഏറിസ്: കോപ്പ ലിബര്‍ട്ടഡോറെസ് രണ്ടാം പാദ ഫൈനല്‍ 6000 മൈല്‍ അകലെയുള്ള മാഡ്രിഡിലേക്ക് മാറ്റിയത് ആരാധകരെ കൊള്ളയടിക്കാനുദ്ദേശിച്ചാണെന്ന് റിവര്‍പ്ലേറ്റ് പരിശീലകന്‍ മാര്‍സലോ ഗല്ലാര്‍ഡോ.

റിവര്‍പ്ലേറ്റിന്റെ മൈതാനത്ത് നടക്കേണ്ട മത്സരമാണ് ആരാധകരുടെ ആക്രമണം റയലിന്റെ മൈതാനമായ സെന്റിയാഗോ ബെര്‍ണബ്യുവിലേക്ക് മാറ്റിയത്.

ആദ്യ പാദത്തില്‍ ബോക്ക ജൂനിയറും റിവര്‍പ്ലേറ്റും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ശേഷം രണ്ടാം പാദത്തിനായി ബോക്ക ജൂനിയര്‍ താരങ്ങള്‍ റിവര്‍ പ്ലേറ്റിന്റെ മൈതാനത്തെത്തിയപ്പോള്‍ കളിക്കാര്‍ സഞ്ചരിച്ച ബസിന് നേരെ റിവര്‍ ആരാധകര്‍ കല്ലെറിയുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ടെവസ് അടക്കമുള്ള താരങ്ങള്‍ക്ക പരുക്കേറ്റിരുന്നു.

വേദി മാറ്റിയതിന് എതിരെ റിവര്‍ അധികൃതര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മത്സരം മാഡ്രിഡിലേക്ക് മാറ്റിയാല്‍ കളിക്കില്ലെന്ന് റിവര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

ALSO READ: അഭയാര്‍ത്ഥിത്വത്തിന്റെ ദുരിത കാലത്ത് നിന്ന് ലോക ഹൃദയത്തിലേക്കുള്ള മോഡ്രിച്ചിന്റെ യാത്ര

ഞങ്ങള്‍ക്ക് ആതിഥേയ ആനുകൂല്യമാണ് വേദി മാറ്റുന്നതിലൂടെ നഷ്ടമാകുന്നത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് പരിശീലകന്‍. തിങ്കളാഴ്ച റിവര്‍പ്ലേറ്റ് മൈതാനത്ത് നടന്ന ലീഗ് മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഗിംനാസ്യ ലാ പ്ലാറ്റയെ തോല്‍പിച്ചിരുന്നു.

അതേസമയം മാഡ്രിഡില്‍ പോയി റിവര്‍പ്ലേറ്റ് കളിക്കുമെന്ന സൂചനയും പരിശീലകന്‍ നല്‍കുന്നുണ്ട്. “”നേരത്തെ എടുത്ത തീരുമാനത്തില്‍ നിന്ന് മാറാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. പക്ഷെ കോപ്പ അധികൃതര്‍ റിവര്‍പ്ലേറ്റ് ആരാധകരോട് ചെയ്തത് നെറികേടാണ്. പരിശീലകന്‍ പറഞ്ഞതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വരുന്ന ഞായറാഴ്ചയാണ് മത്സരം. ഇരു ടീമിനുമായി 25,000 ടിക്കറ്റുകളാണ് മാറ്റിവെച്ചിരുന്നത്. എന്നാലിത് വരെ അര്‍ജന്റീനയില്‍ നിന്ന് 5000 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.