ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം: വസ്ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികാവയവത്തില്‍ ബിയര്‍ബോട്ടില്‍ കയറ്റി, മുളകുപൊടി വിതറിയെന്നും യുവതി
India
ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം: വസ്ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികാവയവത്തില്‍ ബിയര്‍ബോട്ടില്‍ കയറ്റി, മുളകുപൊടി വിതറിയെന്നും യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2017, 12:28 pm

ശ്രീനഗര്‍: ജമ്മു കനാചല്‍ പൊലീസ് സ്റ്റേഷനില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരമായ ലൈംഗികപീഡനം. പൊലീസ് വസ്ത്രങ്ങള്‍ വലിച്ചുകീറി തന്നെ നഗ്നയാക്കിയശേഷം ലൈംഗിക അവയവങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും മുളകുപൊടി വിതറുകയും ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.

കനാചല്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ രാകേഷ് ശര്‍മ്മയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്.

മോഷണം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിക്കാണ് ഉദ്യോഗസ്ഥന്റെ അതിക്രൂര പീഡനം നേരിടേണ്ടി വന്നത്. വീട്ടുജോലിക്കാരിയായ യുവതിയെ വീട്ടുടമസ്ഥരുടെ പരാതിയിന്മേലാണ് കസ്റ്റഡിയിലെടുത്തത്.


Also Read:ശശി തരൂരിനെതിരായ അര്‍ണബിന്റെ ചാനലിലെ ബ്രേക്കിങ് ന്യൂസ് ബി.ജെ.പി ഐ.ടി സെല്‍ പ്ലാന്‍ ചെയ്തതോ? തെളിവുകള്‍ സംസാരിക്കുന്നു 


താന്‍ മോഷ്ടിച്ചിട്ടില്ലെന്നു പലതവണ പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ലെന്നും ഒരാഴ്ചയോളം തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

നിര്‍ഭയകൂട്ടബലാത്സംഗത്തിനു സമാനമായ ആക്രമണമാണ് യുവതിക്കെതിരെയുണ്ടായതെന്ന് യുവതിയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ശനിയാഴ്ചയാണ് യുവതിക്കു ജാമ്യം ലഭിച്ചത്. അവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്റ്റേഷനില്‍ യുവതിയെ സന്ദര്‍ശിക്കാനെത്തിയ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായും പരാതിയുണ്ട്.