30 വർഷങ്ങളായി ഓസ്ട്രേലിയ കാത്തിരുന്ന സെഞ്ച്വറി; ചരിത്രം സൃഷ്ടിച്ച് കനോലി
Cricket
30 വർഷങ്ങളായി ഓസ്ട്രേലിയ കാത്തിരുന്ന സെഞ്ച്വറി; ചരിത്രം സൃഷ്ടിച്ച് കനോലി
സുദേവ് എ
Sunday, 14th June 2026, 8:50 pm

ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം. ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് കങ്കാരുപ്പട വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ മൂന്ന് പന്തുകളും ഒരു വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ഒരു ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ജയിക്കുന്നത്.

സെഞ്ച്വറി നേടിയ യുവതാരം കൂപ്പര്‍ കനോലിയുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ചു കയറിയത്. 134 പന്തില്‍ 149 റണ്‍സാണ് കാനോലി അടിച്ചെടുത്തത്. 13 ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും കനോലി മാറി. 22 വയസും 296 ദിവസവും പ്രായമുള്ളപ്പോഴാണ് കാനോലിയുടെ സെഞ്ച്വറി നേട്ടം.

റിക്കി പോണ്ടിങ്, സ്റ്റീവ് ബാരി സ്മിത്ത് എന്നിവര്‍ക്ക് ശേഷമാണ് കാനോലി ഈ നേട്ടം കൈവരിച്ചത്. സ്മിത്ത് 1983, 1984 വര്‍ഷങ്ങളില്‍ 22 വയസ് ഉള്ളപ്പോഴും പോണ്ടിങ് 1996ല്‍ 21 വയസുള്ളപ്പോഴുമാണ് കങ്കാരുപടക്ക് വേണ്ടി മൂന്നക്കം കടന്നത്. ഒരു യുവതാരത്തിന്റെ സെഞ്ച്വറിക്ക് വേണ്ടി ഓസ്ട്രേലിയ കാത്തിരുന്നത് 30 വര്‍ഷമാണ്.

അതേസമയം ബംഗ്ലാദേശ് ബൗളിങ്ങില്‍ ഷോരിഫുള്‍ ഇസ്ലാം ആറ് വിക്കറ്റുകള്‍ നേടി ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. മുഷ്ഫിഖുര്‍ റഹ്‌മാന്‍, ടാസ്‌കിന്‍ അഹമ്മദ്, മെഹദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി തൗഹീദ് ഹൃദോയ്(88), ലിട്ടണ്‍ ദാസ്(58*), മൊസാദക് ഹുസൈന്‍ (56*) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

 

 

Content Highlight: Cooper Connolly score historical century for Australia in ODI

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.