സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കൂലി. വിക്രം, ലിയോ എന്നീ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ രജിനികാന്തായിരുന്നു നായകന്‍. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
കേരളത്തില്‍ 500ലധികം സ്‌ക്രീനുകളിലാണ് കൂലി പ്രദര്‍ശനത്തിനെത്തിയത്. പലയിടത്തും രാവിലെ ആറ് മണിക്കാണ് കൂലിയുടെ ആദ്യ ഷോ ആരംഭിച്ചത്. എന്നാല്‍ കേരളത്തിലും ചിത്രത്തിന് ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ കേരളത്തില്‍ ചിത്രം തരക്കേടില്ലാത്ത കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 23.8 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. ഹിറ്റ് സ്റ്റാറ്റസ് ലഭിക്കാന്‍ 27 കോടിയും ബ്രേക്ക് ഇവനാകാന്‍ 30 കോടിയുമാണ് കൂലിക്ക് വേണ്ടത്. 14 കോടിക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. എച്ച് ആന്‍ഡ് എം അസോസിയേഷനാണ് കൂലി കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചത്. ഓഗസ്റ്റ് 28 വരെ വന്‍ റിലീസുകളില്ലാത്തത് ചിത്രത്തിന് സേഫാണെന്നാണ് കരുതുന്നത്.
വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 450 കോടിക്കടുത്ത് ഇതിനോടകം കൂലി സ്വന്തമാക്കി. ആദ്യ നാല് ദിവസങ്ങളില്‍ ലഭിച്ച ഗംഭീര കളക്ഷനില്‍ അഞ്ചാം ദിവസം വലിയ ഇടിവാണ് ഉണ്ടായത്. പലയിടത്തും ചിത്രത്തിന്റെ നിരവധി ഷോകള്‍ വെട്ടിക്കുറച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 350 കോടിയിലൊരുങ്ങിയ ചിത്രം വിതരണക്കാര്‍ക്ക് ലാഭമാകണമെങ്കില്‍ 600 കോടി നേടണം.
ഇതേ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അത് അസാധ്യമാകുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രത്തിന് ലഭിച്ച ‘എ’ സര്‍ട്ടിഫിക്കറ്റ് ഫാമിലി പ്രേക്ഷകരെ അകറ്റിനിര്‍ത്തുകയാണ്. ചിത്രം റീസര്‍ട്ടിഫൈ ചെയ്യണമെന്ന ആവശ്യവുമായി നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് കോടതിയെ സമീപിച്ചിട്ടുണ്ട്.
കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ ലോകേഷ് തന്റെ ലൈനപ്പില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂലിക്ക് ശേഷം കൈതി 2വിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇപ്പോള്‍ മറ്റൊരു പ്രൊജക്ടിലേക്ക് ലോകേഷ് കടക്കാന്‍ പോകുന്നുവെന്നാണ് അഭ്യൂഹങ്ങള്‍. കമല്‍ ഹാസനെയും രജിനികാന്തിനെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള പ്രൊജക്ട് ലോകേഷ് സംവിധാനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്യാങ്‌സ്റ്റര്‍ ഡ്രാമയായിട്ടാകും ചിത്രം ഒരുങ്ങുകയെന്നും കേള്‍ക്കുന്നു.
Content Highlight: Coolie movie collected more than 20 crores from Kerala Box Office