കിട്ടിയത് നെഗറ്റീവ് റിവ്യൂ, അതിനപ്പുറത്തെ ട്രോളും, എന്നിട്ടും തമിഴ്‌നാട് ഫസ്റ്റ് ഡേ കളക്ഷനില്‍ രജിനിക്ക് പോലും തൊടാനാകാതെ വിജയ്
Indian Cinema
കിട്ടിയത് നെഗറ്റീവ് റിവ്യൂ, അതിനപ്പുറത്തെ ട്രോളും, എന്നിട്ടും തമിഴ്‌നാട് ഫസ്റ്റ് ഡേ കളക്ഷനില്‍ രജിനിക്ക് പോലും തൊടാനാകാതെ വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th August 2025, 8:10 am

തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളര്‍ ആരെന്ന കാര്യത്തില്‍ ഒരുപാട് നാളായി ചര്‍ച്ചകള്‍ നടക്കുകയാണ്. അജിത് കുമാറും രജിനിയുമാണെന്ന് ഒരുവിഭാഗം അവകാശപ്പെടുമ്പോള്‍ വിജയ്‌യാണെന്ന് മറ്റൊരു വിഭാഗവും അവകാശപ്പെടുന്നു. സ്വന്തം സിനിമക്ക് ഏറ്റവുമധികം ആളെക്കയറ്റാന്‍ കഴിയുന്ന താരങ്ങളാണ് ഇവര്‍ മൂന്നും.

എന്നാല്‍ ആദ്യദിനം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളില്‍ ഭൂരിഭാഗവും വിജയ് ചിത്രങ്ങളാണ്. ഇത് തകര്‍ക്കാന്‍ മറ്റൊരു താരത്തിനും ഇതുവരെ സാധിച്ചിട്ടില്ല എന്നതും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ആദ്യഷോയ്ക്ക് പിന്നാലെ അട്ടര്‍ നെഗറ്റീവ് വന്ന ബീസ്റ്റാണ് തമിഴ്‌നാട്ടില്‍ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡ് കൈയടക്കി വെച്ചിരിക്കുന്നത്.

 

32.8 കോടിയാണ് ചിത്രം ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്. വന്‍ ഹൈപ്പിലെത്തിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ മോശം അഭിപ്രായങ്ങളേറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനവും വിജയ്ക്ക് തന്നെയാണ്. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ലിയോ (31.2 കോടി) രണ്ടാമതും. എ.ആര്‍. മുരുകദോസുമായി കൈകോര്‍ത്ത സര്‍ക്കാര്‍ (30.8 കോടി) മൂന്നാമതുമാണ്. മറ്റ് നടന്മാരുടെ സിനിമകള്‍ ഇതിലും താഴെയാണ്.

അജിത് ചിത്രം വലിമൈ (30.2 കോടി) നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അഞ്ചാം സ്ഥാനത്ത് വീണ്ടും വിജയ്ക്ക് തന്നെയാണ്. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 30 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്. ലിസ്റ്റിലെ വിജയ് ചിത്രങ്ങള്‍ക്കൊന്നും കംപ്ലീറ്റ് പോസിറ്റീവല്ല ലഭിച്ചത്. എന്നിട്ടും ലിസ്റ്റില്‍ തന്റെ അപാര ഡോമിനേഷന്‍ തുടരുകയാണ് തമിഴകത്തിന്റെ സ്വന്തം ദളപതി.

എത്ര മോശം ചിത്രമായാലും തന്റെ സിനിമകളെ ബോക്‌സ് ഓഫീസില്‍ സേഫാക്കാന്‍ കഴിവുള്ള ഒരേയൊരു നടന്‍ വിജയ്‌യാണെന്ന് സംശയമില്ലാതെ പറയാനാകും. കഴിഞ്ഞ സിനിമകളെല്ലാം തെളിയിക്കുന്നത് അത് തന്നെയാണ്. ബീസ്റ്റ്, വാരിസ്, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നീ സിനിമകള്‍ക്ക് നെഗറ്റീവ് അഭിപ്രായമാണ് ലഭിച്ചത്.

എന്നാല്‍ എല്ലാ ചിത്രങ്ങളും വന്‍ കളക്ഷനാണ് നേടിയത്. ബീസ്റ്റ് 252 കോടി, വാരിസ് 300 കോടി, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 400 കോടി എന്നിങ്ങനെയാണ് കളക്ഷന്‍. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ലിയോ 621 കോടി നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായിട്ടാണ് കളംവിട്ടത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 200 കോടിക്ക് മുകളില്‍ ലിയോയും ഗോട്ടും സ്വന്തമാക്കി. രണ്ട് വട്ടം തമിഴ്‌നാട്ടില്‍ നിന്ന് 200 കോടി നേടിയ മറ്റൊരു നടനില്ലെന്ന് കാണുമ്പോഴാണ് വിജയ്‌യുടെ സ്റ്റാര്‍ഡത്തിന്റെ വലിപ്പം തിരിച്ചറിയാനാവുന്നത്.

Content Highlight: Coolie cant overtake the first day collection of Beast