അവന്‍ പുറത്തായില്ലെങ്കില്‍ കൊല്‍ക്കത്തയുടെ മത്സരഫലം മറ്റൊന്നായേനെ; വെടിക്കെട്ട് താരത്തിന്റെ പുറത്താകലിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് വിവാദം
IPL
അവന്‍ പുറത്തായില്ലെങ്കില്‍ കൊല്‍ക്കത്തയുടെ മത്സരഫലം മറ്റൊന്നായേനെ; വെടിക്കെട്ട് താരത്തിന്റെ പുറത്താകലിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് വിവാദം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th May 2022, 7:10 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിര്‍ണായക വിജയമാണ് നേടിയത്. എങ്കിലും ആരാധകരുടെ മനം കീഴടക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റിങ്കു സിംഗാണ്.

തോല്‍വിയുറപ്പിച്ച ഘട്ടത്തില്‍ നിന്ന് അവിശ്വസനീയ വെടിക്കെട്ടുമായി കൊല്‍ക്കത്തയെ വിജയത്തിന് തൊട്ടടുത്തുവരെയെത്തിച്ച ശേഷമാണ് റിങ്കു മടങ്ങിയത്.

കെ.കെ.ആര്‍ തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായപ്പോഴും റിങ്കു സിംഗിനെ വാഴ്ത്തിപ്പാടുകയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍. കഴിഞ്ഞ ദിവസം മത്സരത്തിന് ശേഷം റിങ്കു കരയുന്ന വീഡോയോയും ആരാധകര്‍ അല്‍പം വിഷമത്തോടെ പങ്കുവെക്കുന്നുണ്ട്.

തോല്‍വിയുറപ്പിച്ച മത്സരം രണ്ട് റണ്‍സിന് കഷ്ടിച്ച് ജയിച്ചതിന്റെ ആഹ്ലാദത്തില്‍ ലഖ്നൗ ടീം ആഘോഷിക്കുമ്പോള്‍ ക്യാമറ കണ്ണുകള്‍ തിരഞ്ഞത് റിങ്കുവിനെയായിരുന്നു. ടീമിനെ വിജയതീരത്തെത്തിക്കാന്‍ സാധിക്കാതിരുന്നതിന്റെ നിരാശയില്‍ പൊട്ടിക്കരയുകയായിരുന്നു താരം. ഇതിന്റെ ദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

തോല്‍വിയോടെ ഐ.പി.എല്ലില്‍ നിന്ന് പുറത്താകുന്ന മൂന്നാമത്തെ ടീമാണ് കൊല്‍ക്കത്ത. ഇതിനു പിന്നാലെയാണ് സങ്കടം സഹിക്കാനാകാതെ റിങ്കു പൊട്ടിക്കരഞ്ഞത്. റിങ്കുവിനെ സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

മത്സര ഫലത്തില്‍ നിര്‍ണായകമായ റിങ്കു സിംഗിന്റെ വിക്കറ്റിനെ ചുറ്റിപ്പറ്റിയും വിവാദം ക്രക്കറ്റ് ലോകത്ത് നടക്കുന്നുണ്ട്. റിങ്കു പുറത്തായത് നോ ബോളിലാണെന്നാണ് ആരാധകര്‍ തെളിവ് നിരത്തി പറയുന്നത്.

ഈ ആരോപണത്തിന് തെളിവായി ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പന്തെറിയുമ്പോള്‍ സ്റ്റോയ്നിസിന്റെ കാല്‍, വര കടന്നിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഫീല്‍ഡ് അമ്പയര്‍ ഇത് ശ്രദ്ധിക്കുകയോ തേര്‍ഡ് അമ്പയര്‍ ഇക്കാര്യം ഒന്നുകൂടി പരിശോധിക്കാന്‍ തയ്യാറാകുകയോ ചെയ്തില്ലയെന്നും നിരവധിപേര്‍ കുറ്റപ്പെടുത്തി.

അതേസമയം, ഈ സീസണില്‍ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ നടന്നത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരേ രണ്ട് റണ്‍സിന്റെ ജയവുമായാണ് ലഖ്നൗ പ്ലേ ഓഫ് ഉറപ്പിച്ചത്.