എം.ജി.ആറും ജയലളിതയും ദ്രാവിഡസത്തിലേക്ക് ബ്രാഹ്‌മണിസം കൊണ്ടുവന്നു; തമിഴ്നാട്ടില്‍ വിവാദം
India
എം.ജി.ആറും ജയലളിതയും ദ്രാവിഡസത്തിലേക്ക് ബ്രാഹ്‌മണിസം കൊണ്ടുവന്നു; തമിഴ്നാട്ടില്‍ വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th August 2025, 8:18 am

ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ജയലളിതക്കെതിരെയും എം.ജി.ആറിനെതിരെയും തോല്‍ തിരുമാവളവന്‍ നടത്തിയ പ്രസ്താവനയില്‍ തമിഴ്‌നാട്ടില്‍ വിവാദം കനക്കുന്നു. വിടുതലൈ ചിറുതൈകള്‍ കച്ചി നേതാവായ തിരുമാവളവന്റെ പരാമര്‍ശത്തിനെതിരെ എ.എം.എം.കെയും ബി.ജെ.പിയും രംഗത്തെത്തി. ഇരുവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ തിരുമാവളവന്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.

ദ്രാവിഡ പ്രസ്ഥാനത്തിലേക്ക് ബ്രാഹ്‌മണത്വം കൊണ്ടുവന്നതില്‍ പ്രധാനപങ്ക് വഹിച്ചത് എം.ജി.ആര്‍ ആണെന്ന് വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന ഒരു പരിപാടിക്കിടെ തിരുമാവളവന്‍ പറഞ്ഞിരുന്നു. എം.ജി.ആറിന്റെ ഇടപെടല്‍ കരുണാനിധി വിരുദ്ധ വികാരം വിതച്ചുകൊണ്ട് ചില രാഷ്ട്രീയ ശക്തികള്‍ക്ക് നേട്ടം കൊണ്ടുവന്നുവെന്നും ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക് ഒരു ബ്രാഹ്‌മണ സ്ത്രീയെ (ജയലളിത ) ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇത് പ്രാപ്തമാക്കി എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍ തന്റെ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെ എ.ഐ.എ.ഡി.എം.കെ നേതാക്കളെക്കുറിച്ച് നടത്തിയ തന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വി.സി.കെ നേതാവ് പറഞ്ഞു. രണ്ട് നേതാക്കളോടും തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും അവരെ അവരുടെ ജാതി സ്വത്വങ്ങളിലേക്ക് ചുരുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേരും ജാതികള്‍ക്ക് അതീതമാണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുച്ചി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.

ബ്രാഹ്‌മണര്‍ കരുണാനിധിയെ എതിര്‍ത്തതുപോലെ ഒരിക്കലും എം.ജി.ആറിനെയോ ജയലളിതയെയോ എ.ഐ.എ.ഡി.എംകെയെയോ എതിര്‍ത്തില്ല എന്നതായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും കരുണാനിധിയെ എങ്ങനെയാണ് മറ്റുള്ളവര്‍ എതിര്‍ത്തിരുന്നതെന്ന് പറയുകയായിരുന്നു താന്‍ ചെയ്തതെന്നും വി.സി.കെ നേതാവ് പറഞ്ഞു.

എം.ജി.ആറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുമാവളവന് യോഗ്യതയില്ലെന്ന് സേലത്ത് പളനിസ്വാമി പറഞ്ഞു. ‘തമിഴ്നാട്ടിലെ ജനങ്ങള്‍ എം.ജി.ആറിനെ ദൈവമായി ആരാധിക്കുന്നു. ആ പദവിയിലുള്ള ഒരാളെ വിമര്‍ശിക്കുന്നത് അവരെ രാഷ്ട്രീയ മേഖലയില്‍ നിന്ന് അപ്രത്യക്ഷമാക്കും,’ അദ്ദേഹം പറഞ്ഞു.

അതേസമയം സേലത്ത് നടന്ന പരിപാടിയില്‍ സംസാരിക്കവെ എ.ഐ.എ.ഡി.എം.കെ ജാതിക്കും മതത്തിനും അതീതമാണെന്നും പളനിസ്വാമി പറഞ്ഞു. ഡി.എം.കെ സഖ്യകക്ഷികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന തര്‍ക്കങ്ങള്‍ ഉണ്ടെന്നും സഖ്യം എട്ട് മാസം പോലും നീണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

Content Highlight: Controversy rages in Tamil Nadu over Thol Thirumavalavan’s statement against Jayalalithaa and MGR