തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള ഫോണ്‍ സംഭാഷണം വിവാദമായതോടെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജി വെച്ചു. രാജി കെ.പി.സി.സി അംഗീകരിച്ചിട്ടുണ്ട്. രാജി അംഗീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും അറിയിച്ചു.
തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള ഫോണ്‍ സംഭാഷണം വിവാദമായതോടെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജി വെച്ചു. രാജി കെ.പി.സി.സി അംഗീകരിച്ചിട്ടുണ്ട്. രാജി അംഗീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും അറിയിച്ചു.
ഫേണ്‍ സംഭാഷണം വിവാദമായതോടെ യുവ നേതാക്കളില്‍ നിന്നടക്കം വലിയ രീതിയിലുള്ള വിമര്‍ശനം പാലോട് രവിക്കെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും സണ്ണി ജോസഫ് അറിയിച്ചു. ജലീലാണ് പാലോട് രവിയുമായുള്ള സംഭാഷണം പുറത്ത് വിട്ടത്.
ഫോണ്‍ സംഭാഷണം വിവാദമായതോടെ എ.ഐ.സി.സി കെ.പി.സി.സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണം തുടരുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതെയാകുമെന്നുമെല്ലാം പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
മുസ്‌ലിം വിഭാഗം മറ്റ് പാര്‍ട്ടികളിലേക്കും സി.പി.ഐ.എമ്മിലേക്കും പോകുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.
‘അവിടെ പഞ്ചായത്ത് ഇലക്ഷനില്‍ കോണ്‍ഗ്രസ് മൂന്നാമതാകും. നിയമസഭയില്‍ ഉച്ചി കുത്തി താഴെ വീഴും. 60 അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പി എന്ത് ചെയ്യാന്‍ പോകുന്നുവെന്ന് നീ നോക്കിക്കോ.
അവര്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ കാശ് കൊടുത്ത് ആളുകളുടെ വോട്ട് പിടിച്ചത് പോലെ അമ്പതിനായിരമോ നാല്‍പതിനായിരമോ വോട്ട് പിടിക്കും. അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്ത് ഉച്ചികുത്തി വീഴും,’ പാലോട് രവി പറഞ്ഞു.
അതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധോഗതിയായിരിക്കുമെന്നും കോണ്‍ഗ്രസില്‍ ഉണ്ടെന്ന് പറയുന്നവര്‍ ബി.ജെ.പിയിലും മറ്റേതെങ്കിലും പാര്‍ട്ടികളിലേക്കും പോകുമെന്നുമാണ് പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്.
നാട്ടില്‍ ഇറങ്ങി നടന്ന് ജനങ്ങളെ കണ്ട് നന്നായി സംസാരിക്കാന്‍ കോണ്‍ഗ്രസിന് 10 ശതമാനം സ്ഥലത്തേ ആളുകളുള്ളുവെന്നും ഒറ്റ ഒരുത്തനും പരസ്പര ബന്ധമില്ലെന്നും എങ്ങനെ കാലുവാരാം എന്നാണ് അവര്‍ ചിന്തിക്കുന്നത് എന്നും അദ്ദേഹം സംഭാഷണത്തിനിടെ പറഞ്ഞിരുന്നു.
Content Highlight: controversial Phone conversation; Palode Ravi resigns as DCC president