തിരുവനന്തപുരം: സൂംബ ഡാൻസ് വിവാദത്തിൽ മുസ്‌ലിം സംഘടനകൾക്കെതിരെ എസ്.എഫ്.ഐ. വിവാദമുണ്ടാക്കുന്നവർക്ക് മാനസിക അല്പത്തരമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കേരളീയ പൊതുസമൂഹം ഇത്തരം അല്പത്തരങ്ങൾ തള്ളിക്കളയുമെന്നും എല്ലാ നൂറ്റാണ്ടിലും ഇത്തരം പിന്തിരിപ്പന്മാരുണ്ടാകുമെന്നും അതിനെയെല്ലാം പുരോഗമന സമൂഹം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും എം. ശിവപ്രസാദ് വിമർശിച്ചു.
പുരോഗമനപരമായൊരു നൃത്തരീതിയെ എന്തിനാണ് ഇത്ര വികലമായി ചിത്രീകരിക്കുന്നതെന്ന് എസ്.എഫ്.ഐ ചോദിക്കുന്നു. കുട്ടികൾ ഒരുമിച്ച് നൃത്തം ചെയ്യുന്നു എന്ന് പറയുമ്പോൾ അതിൽ മറ്റൊരു അർത്ഥമോ വ്യാഖ്യാനമോ നല്കുന്നതെന്തിനാണെന്നും എസ്.എഫ്.ഐ ചോദിക്കുന്നു.
‘ഏറെ പ്രതീക്ഷയോടെ പുരോഗമന സ്വഭാവമുള്ള സൂംബ ഡാൻസ് നമ്മുടെ വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിച്ചുകൂടാ എന്നാണവർ പറയുന്നത്. വിവാദമുണ്ടാക്കുന്നവർക്ക് മാനസിക അല്പത്തരമാണ്. എല്ലാ നൂറ്റാണ്ടിലും ഇത്തരം പിന്തിരിപ്പന്മാർ ഉ ണ്ടായിട്ടുണ്ട്. അവരെയെല്ലാം പുരോഗമന സമൂഹം തള്ളിക്കളയും.
എങ്ങനെയാണ് ലഹരിക്കെതിരെ നമ്മൾ പോരാട്ടം നയിക്കേണ്ടത് എന്നൊരു ചോദ്യം ചോദിക്കുകയാണ്. ആ ചോദ്യത്തിന് നമ്മളൊരു മാതൃക നൽകുകയാണ് ചെയ്യുന്നത്. ആ മാതൃകയിൽ ഒരു ഭാഗമാണ് സൂംബ ഡാൻസ്. ഇപ്പോൾ പുറത്തുവരുന്ന പ്രതികരണങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കേണ്ടത് അതെല്ലാം നിഷ്ക്കരുണം തള്ളിക്കളയേണ്ട പ്രതികരണങ്ങൾ ആണെന്നുള്ളതാണ്. പക്ഷേ ആ പ്രതികരണങ്ങളിൽ നിൽക്കുന്നൊരു അവ്യക്തത, എന്തിനെയാണിവർ ഭയപ്പെടുന്നത് എന്നതാണ്. അവർ ഭയപ്പെടുന്നത് സൂംബ ഡാൻസിനെയാണോ? പ്രതികരണങ്ങളിൽ ഞാൻ മനസിലാക്കുന്നത് അല്പവസ്ത്രധാരികളായ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് സൂംബ ഡാൻസ് ചെയ്യുന്നത് ശരിയാണോ എന്നതൊക്കെയാണ് ചോദ്യങ്ങൾ.
ഞങ്ങൾ തിരിച്ച് ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്. നിങ്ങൾ ഭയപ്പെടുന്നത് സൂംബ ഡാൻസിനെയാണോ? മറിച്ച് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നൃത്തം ചെയ്യുന്നതിനെയാണോ? അതോ അല്പവസ്ത്രമെന്ന അയാൾ വിശേഷിപ്പിക്കുന്ന വസ്ത്രം ധരിച്ച് കുട്ടികൾ നൃത്തം ചെയ്യുന്നതിനെയാണോ?,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി ലീഗ് സുന്നി അനുകൂല നേതാക്കൾ രംഗത്തെത്തിയിരുന്നു.
അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ ഡാൻസെന്നും വലിയ കുട്ടികൾ പോലും ഇങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി പറയുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാസർ ഫൈസി കൂടത്തായി വിമർശനവുമായെത്തിയത്. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനുപകരം ആഭാസങ്ങളെ നിർബന്ധിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ധാർമികതക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാന്‍സെന്നായിരുന്നു എസ്.എം.എഫ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ പരാമർശം. രക്ഷിതാക്കൾ ഉണർന്ന് ചിന്തിക്കണമെന്നും വിദ്യാലയങ്ങളിൽ ഒരുപാട് കായികാധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടിയെന്നും അദ്ദേഹം വിമർശിക്കുന്നുണ്ട്.
Content Highlight: Controversial creators are mentally ill: SFI against Muslim organizations in Zumba dance controversy