സോഷ്യല്‍മീഡിയ പൊതുബോധം തന്നെ ബാധിച്ചതാണെന്നും ചെ ഗുവേരയെ മയക്കുമരുന്നിന്റെയാളായി പരാമര്‍ശിച്ചത് തിരുത്തുകയാണെന്നും മീഡിയ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിക്കിടെ പ്രമോദ് രാമന്‍ പറഞ്ഞു.
‘മെക്‌സിക്കോയിലെ മയക്കുമരുന്ന മാഫിയ തലവനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ചെ ഗുവേരയെ മയക്കുമരുന്നിന്റെ ആളായി ചിത്രീകരിക്കുന്ന ഒരു കമന്റ് നടത്തിയിരുന്നു. അതില്‍ ഫാക്ച്വലായ ഒരു പിഴവ് സംഭവിച്ചു.
അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നയാളല്ല. വിപ്ലവാനന്തര ക്യൂബയില്‍ അദ്ദേഹം വ്യാവസായിക മന്ത്രിയായിരുന്നു. അന്ന് മയക്കുമരുന്നിനെതിരെ നിരവധി നടപടികളെടുത്തിരുന്നു. എന്റേത് സോഷ്യല്‍മീഡിയ സ്വാധീനത്തില്‍ നിന്നും വന്ന കമന്റായിരുന്നു’, പ്രമോദ് രാമന്‍ വിശദീകരിച്ചു.
കഴിഞ്ഞദിവസത്തെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയായ ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലിന്റെ തലവനായിരുന്ന നെമെസിയോ റൂബന്‍ ഒസെഗുവേര സെര്‍വാന്റസ് എന്ന എല്‍ മെന്‍ചോയെ സൈന്യം വധിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രമോദ് രാമന്റെ വിവാദ പരാമര്‍ശം.
ലാറ്റിനമേരിക്കയിലെ മയക്കുമരുന്ന് വ്യാപനത്തെ കുറിച്ച് സംസാരിക്കവെ ചെ ഗുവേരയെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നയാളായി ചിത്രീകരിച്ച് പ്രമോദ് രാമന്‍ പ്രതികരണം നടത്തുകയായിരുന്നു.
‘ചെ ഗുവേര മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്ന് സി.പി.ഐ.എമ്മുകാര്‍ക്ക് പറയാന്‍ മടിയുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തിലുണ്ടായ സംഗതിയാണ്. മയക്കുമരുന്ന് ലാറ്റിനമേരിക്കയില്‍ മുഴുവന്‍ ഉണ്ടായിരുന്നു. റെസിസ്റ്റന്‍സെന്ന് പറയുന്ന വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇത് ചെയ്യുന്നത് അവര്‍ക്ക് സ്വാഭാവിക കാര്യമായിരുന്നു’, പ്രമോദ് രാമന്‍ പറഞ്ഞു.
മയക്കുമരുന്ന് ലാറ്റിനമേരിക്കയില്‍ വളരുന്നുണ്ട്. കുറ്റകൃത്യങ്ങളും വളരുന്നുണ്ട്. ഭരണകൂടത്തിന്റെ സഹായത്തില്‍ അവര്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കുന്നു. അടിച്ചമര്‍ത്തപ്പെടേണ്ട ഒന്നാണിത്.
അമേരിക്കയാണ് ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ ആഗ്രഹിക്കുന്നത്. എത്രമാത്രം അത് ഫലവത്താകുമെന്ന് അറിയില്ല.മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയകളുടെ വളര്‍ച്ചയ്ക്ക് കാരണം സാംസ്‌കാരികമായ കാരണങ്ങളാണെന്ന വിവാദ പരാമര്‍ശവും പ്രമോദ് രാമന്‍ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ നടത്തിയിരുന്നു.
പ്രമോദ് രാമന്റെ പാരമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെയാണ് ഒരു ദിവസത്തിന് ശേഷം അദ്ദേഹം പ്രതികരണത്തില്‍ തിരുത്തല്‍ വരുത്തുകയായിരുന്നു.എന്നാല്‍, വിശദീകരണം പുറത്തെത്തിയതിന് ശേഷവും സോഷ്യല്‍മീഡിയ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
എഴുത്തുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രമോദ് രാമന്റെ അറിവില്ലായ്മയാണിതെന്നും ചെ ഗുവേരയുടെ ഒരു പുസ്തകം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
ഫാക്ച്വല്‍ എററെന്ന് നിസാരവത്കരിക്കാവുന്ന വിഷയമല്ലിതെന്നും വളരെ ഡിസിപ്ലന്‍ഡ് ആയ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു ചെ ഗുവേരയെന്നും പ്രമോദ് രാമനെ സോഷ്യല്‍മീഡിയ കമന്റുകള്‍ ഓര്‍മിപ്പിച്ചു.
Content Highlight: Controversial comment on Che Guevara; Pramod Raman finally corrects himself