ടെഹ്റാന്‍: ലെബനനിലും ഗസയിലും ഇസ്രഈല്‍ നടത്തുന്ന സൈനിക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഇറാന്‍ ഔദ്യോഗികമായി നിര്‍ത്തിവെച്ചു. ഇസ്രഈല്‍ ആക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും, ലെബനനില്‍ നിന്നും ഇസ്രഈല്‍ സൈന്യം പൂര്‍ണമായും പിന്മാറാതെ ചര്‍ച്ചകളുണ്ടാകില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
ഗസയിലെയും ലെബനനിലെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വെടിനിര്‍ത്തലിനുള്ള പ്രധാന നിബന്ധനയായിരുന്നുവെന്നും, അത് ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഇടനിലക്കാര്‍ മുഖേനയുള്ള സന്ദേശങ്ങള്‍ കൈമാറുന്നത് നിര്‍ത്തിയതായും ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിസ്ബുല്ലയുടെ ശക്തമായ സ്വാധീനമേഖലയായ തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ആക്രമണം നടത്താന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.
ലിതാനി നദി കടന്നുള്ള ഇസ്രഈല്‍ സൈന്യത്തിന്റെ നീക്കം അപകടകരമായ ഒന്നാണെന്ന് ഖത്തറും ലെബനന്‍ പ്രസിഡന്റും മുന്നറിയിപ്പ് നല്‍കി.
കുവൈത്തിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കന്‍ സൈന്യം വിജയകരമായി തകര്‍ത്തു. ഇതിനു മറുപടിയായി ഇറാനിലെ ഗോരുക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിലെ റഡാര്‍, ഡ്രോണ്‍ നിയന്ത്രണ കേന്ദ്രങ്ങളില്‍ അമേരിക്ക സ്വയംരക്ഷയ്‌ക്കെന്ന പേരില്‍ ആക്രമണഘങ്ങള്‍ നടത്തി.
സംഘര്‍ഷം രൂക്ഷമായതോടെ ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി വര്‍ധിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി.
മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുന്നതും ചെങ്കടലിലെ ബാബ് അല്‍-മന്ദബ് കടലിടുക്കില്‍ പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുന്നതും പരിഗണനയിലാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നില്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന ഉപാധികള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി. ഇസ്രഈലിന്റെ നടപടികളെ യു.എ.ഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.