അയര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യത്തെ ടി-20 പരമ്പരയാണിത്. അയര്‍ലാന്‍ഡിന് പുറമെ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയും ഏഷ്യന്‍ ഗെയിംസുമാണ് ഇന്ത്യയ്ക്ക് വരാനിരിക്കുന്ന അസൈമെന്റ്.
പുതിയ ഇവന്റുകള്‍ക്കായി ഇന്ത്യ പ്രഖ്യാപിച്ച ടി-20 സ്‌ക്വാഡാണ് അടുത്ത കാലത്തായി ഏവരും ചര്‍ച്ച ചെയ്തത്. 15 വയസുകാരനായ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശി സ്‌ക്വാഡിലെത്തിയത് തന്നെയാണ് ചര്‍ച്ചകളുടെ പ്രധാന വിഷയം. ഐ.പി.എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ചതും ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എയ്‌ക്കൊപ്പം മിന്നും പ്രകടനം കാഴ്ചവെച്ചതും യുവ താരത്തിന്റെ പേര് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയിലെത്തിച്ചു.
ഐ.പി.എല്ലിലൂടെ ശ്രദ്ധ നേടിയ യുവ താരം 2026ലെ സീസണില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയും ലോകത്തെ അമ്പരപ്പിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.
മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.
എന്നാല്‍ വൈഭവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് നിലവിലെ ഓപ്പണര്‍മാര്‍ക്ക് വമ്പന്‍ പണി തന്നെയാണ് നല്‍കിയിരിക്കുന്നത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയ്ക്കും വൈഭവിന്റെ എന്‍ട്രി അല്‍പ്പം തലവേദന നല്‍കുന്നത് തന്നെയാണ്.
ഓപ്പണിങ് സ്ഥാനത്തേക്ക് വൈഭവിനെ പരിഗണിക്കേണ്ടി വന്നാല്‍ ആരാകും പുറത്താകുന്നത് എന്നാണ് നിലവിലെ ചര്‍ച്ച. അതുകൊണ്ടുതന്നെ സഞ്ജുവിനും അഭിഷേകിനും 15വയസുകാരന്‍ സമ്മര്‍ദം നല്‍കുമെന്നാണ് പല ക്രിക്കറ്റ് അനലിസ്റ്റുകളും പറയുന്നത്.
എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ സഞ്ജുവിന് ഗ്രീന്‍ സിഗ്‌നല്‍ തന്നെയാണ്. അഭിഷേക് ശര്‍മയുടെ കാര്യത്തിലാണ് കൂടുതല്‍ ആശങ്കകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. വൈഭവ് ഒരു ഇടം കയ്യന്‍ ബാറ്റര്‍ ആണെന്നത് തന്നെയാണ് ഇതിന് കാരണം. റൈറ്റ്-ലെഫ്റ്റ് കോമ്പിനേഷനില്‍ ഓപ്പണിങ് സജ്ജമാക്കിയ ഇന്ത്യയ്ക്ക് വൈഭവിനെ ഉള്‍പ്പെടുത്തണമെങ്കില്‍ അഭിഷേകിനെയാകും ബെഞ്ചിലിരുത്തേണ്ടി വരിക.
കഴിഞ്ഞ ഐ.പി.എല്ലില്‍ 15 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 563 റണ്‍സ് അഭിഷേക് നേടിയിട്ടുണ്ട്. നേടിയ റണ്‍സില്‍ കുറവുണ്ടെങ്കിലും സഞ്ജു രണ്ട് സെഞ്ച്വറിയടക്കം 477 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ടി-20 ലോകകപ്പില്‍ ഓപ്പണര്‍ എന്ന നിലയില്‍ അഭിഷേക് പരാജയപ്പെട്ടത് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത യാഥാര്‍ത്ഥ്യമാണ്. ഫൈനലില്‍ 21 പന്തില്‍ നേടിയ 52 റണ്‍സ് ഒഴിച്ചാല്‍ മൂന്ന് തുടര്‍ച്ചയായ പൂജ്യങ്ങളായിരുന്നു താരം നേടിയത്.
ലോകകപ്പില്‍ ബെഞ്ചിലായിരുന്ന സഞ്ജു നിര്‍ണായകമായ അവസാനത്തെ മൂന്ന് മത്സരങ്ങളിലും സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയുടെ കിരീടനേട്ടത്തില്‍ പ്രധാന പങ്കാണ് വഹിച്ചത്. അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സ് നേടിയ സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്. ടി-20 ലോകകപ്പ് തുടങ്ങിയത് മുതലുള്ള മത്സരങ്ങളില്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും തമ്മിലുള്ള ലെഫ്റ്റ്- ലെഫ്റ്റ് കോംബിനേഷന്‍ പരാജയപ്പെട്ടതോടെയായിരുന്നു നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ലെഫ്റ്റ് റൈറ്റ് കോംബിനേഷനിലേക്ക് തിരിച്ചെത്തിയതും.
ഇത്തരം നിരീക്ഷണങ്ങള്‍ സജീവമാണെങ്കിലും വൈഭവിന് വേണ്ടി അഭിഷേക് ശര്‍മയെ മാറ്റിര്‍ത്തുമോ എന്ന് കണ്ടറിയേണ്ടി വരും. അയര്‍ലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അഭിഷേകിനെയും സഞ്ജുവിനെയും തന്നെ ഇലവനില്‍ ഓപ്പണര്‍മാരായി നിലനിര്‍ത്താനുള്ള സാധ്യതയും അഭിഷേകിന്റെ പ്രകടനം കണക്കിലെടുത്ത് വൈഭവിന് രണ്ടാം മത്സരത്തില്‍ അവസരം നല്‍കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.സഞ്ജു സാംസണ്‍
എന്നിരുന്നാലും സഞ്ജു സേഫ് ആയിരിക്കുമോ എന്ന കാര്യത്തില്‍ താരത്തിന്റെ പ്രകടനവും മാനേജ്‌മെന്റിന്റെ അപ്രതീക്ഷിത തീരുമാനങ്ങളെ ആശ്രയിച്ചാകും എന്നതും സാധ്യതയുള്ള കാര്യമാണ്. സഞ്ജുവിനെ തഴഞ്ഞ പല സംഭവങ്ങളും ഇതിന് ആക്കം കൂട്ടുന്നതാണ്. 2026 ടി-20 ലോകകപ്പില്‍ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാക്കിയത് കണക്കിലെടുക്കുമ്പോള്‍ സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് അത്ര പെട്ടെന്നൊന്നും ഒഴിവാക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.