ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ദൃശ്യം’ 12 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ചിത്രത്തിൽ ഐ.ജി ഗീത പ്രഭാകറായി വിസ്മയിപ്പിച്ച ആശ ശരത്ത്, സിനിമയിലെ വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ജിത്തു ജോസഫ്, മീന, ആശ ശരത് എന്നിവർ പങ്കെടുത്ത പ്രത്യേക ചർച്ചയിലായിരുന്നു ദൃശ്യത്തിലെ ഈ വൈകാരിക നിമിഷത്തെ കുറിച്ച് താരം പ്രതികരിച്ചത്.
ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും പക്ഷത്ത് നിന്ന് കൊണ്ടാണ് എല്ലാവരും ദൃശ്യത്തെ കാണുന്നതെങ്കിലും, അത് രണ്ട് അമ്മമാരുടെ പോരാട്ടത്തിന്റെ കഥ കൂടിയാണെന്ന് ആശ ശരത്ത് ഓർമ്മിപ്പിക്കുന്നു. തന്റെ മകളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന റാണി (മീന) ഒരു വശത്ത് നിൽക്കുമ്പോൾ, നഷ്ടപ്പെട്ട മകന് നീതി തേടുന്ന ഗീത പ്രഭാകറിനെയാണ് മറുഭാഗത്ത് കാണുന്നത്.
സിനിമയുടെ തിരക്കഥ വായിച്ചത് മുതൽ ഓരോ ഷോട്ടിലും ഐ.ജി ഗീത പ്രഭാകറായല്ല, മറിച്ച് തന്റെ മകളുടെ സ്ഥാനത്ത് വരുണിനെ കണ്ട ഒരമ്മയായാണ് താൻ അഭിനയിച്ചതെന്ന് ആശ ശരത്ത് പറയുന്നു. എന്നാൽ ഒരു സീനിൽ മാത്രം തനിക്ക് അങ്ങനെ ചിന്തിക്കാൻ പോലുമായില്ലെന്നു ആശ ശരത് പറയുന്നു.
“വരുണിന്റെ മൃതദേഹം കുഴിച്ചെടുക്കുന്ന ആ സീനിൽ എന്റെ മകളെ ഓർക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. മറ്റെല്ലാ ഷോട്ടുകളിലും ഞാൻ എന്റെ കുട്ടിയെയാണ് ആലോചിച്ചത്. പക്ഷേ, ആ ഒരു നിമിഷം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.” ആശ ശരത്ത് പറയുന്നു.
മൃതദേഹം പുറത്തെടുക്കുമ്പോൾ ദുർഗന്ധം കാരണം എല്ലാവരും മൂക്ക് പൊത്തുമ്പോൾ, ഒരമ്മയ്ക്ക് എങ്ങനെ അതിന് കഴിയുമെന്നാണ് താൻ ചിന്തിച്ചതെന്ന് താരം പറയുന്നു. “ദുർഗന്ധമുണ്ടോ എന്നതല്ല, അത് എന്റെ മകനല്ലേ എന്നതായിരുന്നു എന്റെ മനസ്സിൽ. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ, പക്ഷേ കൊന്നു കളയേണ്ട എന്ത് തെറ്റാണ് അവൻ ചെയ്തത്?” എന്ന ചോദ്യം ഒരമ്മയെന്ന നിലയിൽ ഇപ്പോഴും തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
ദൃശ്യം 3-ലേക്ക് കഥ നീങ്ങുമ്പോൾ, നിയമത്തെ നേരിടാൻ ജോർജ് കുട്ടി ഇനി എന്താണ് ചെയ്തിട്ടുണ്ടാവുക, ഈ രണ്ട് കുടുംബങ്ങൾക്കും ഇനി എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ.
Content Highlight:Asha Sharath share an emotional moment in Drishyam one