'മയക്കുമരുന്ന് ഉത്പാദകരുടെ പട്ടികയില്‍ ഇന്ത്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങി 23 രാജ്യങ്ങള്‍'; അവഹേളിച്ച് ട്രംപ്
World
'മയക്കുമരുന്ന് ഉത്പാദകരുടെ പട്ടികയില്‍ ഇന്ത്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങി 23 രാജ്യങ്ങള്‍'; അവഹേളിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th September 2025, 8:47 am

വാഷിങ്ടണ്‍: ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങിയ 23 രാഷ്ട്രങ്ങളെ നിയമവിരുദ്ധ മയക്കുമരുന്ന് ഉത്പാദകരെന്ന് അധിക്ഷേപിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്.

ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തും നിയമവിരുദ്ധമായ മയക്കുമരുന്ന് ഉത്പാദനവും നടത്തുന്ന 23 രാജ്യങ്ങളുടെ പട്ടികയിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യു.എസിലേക്ക് മയക്കുമരുന്നും അനുബന്ധ ലഹരിവസ്തുക്കളും എത്തിക്കുന്നത് ഈ രാജ്യങ്ങളാണെന്നും യു.എസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇവരെന്നും യു.എസ് കോണ്‍ഗ്രസില്‍ ട്രംപ് സമര്‍പ്പിച്ച ‘പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷനി’ല്‍ പറയുന്നു.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ദി ബഹാമസ്, ബെലിസ്, ബൊളീവിയ, ബര്‍മ, ചൈന, കൊളംബിയ, കോസ്റ്ററിക്ക, ദി ഡൊമനിക്കന്‍ റിപ്പബ്ലിക്, ഇക്വാഡോര്‍, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്ത്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കാരഗ്വേ, പാകിസ്ഥാന്‍, പനാമ, പെറു, വെനസ്വേല തുടങ്ങിയ 23 രാജ്യങ്ങള്‍ക്ക് നേരെയാണ് ട്രംപിന്റെ വിമര്‍ശനം.

യു.എസിലെ പല കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ അനധികൃതമായി പുറംരാജ്യങ്ങളില്‍ നിന്നും എത്തിക്കുന്ന ഫെന്റനില്‍ പോലുള്ള മയക്കുമരുന്ന് ഉത്പാദിപ്പിക്കാനുള്ള രാസവസ്തുക്കളാണ്. 18 മുതല്‍ 44 വയസുവരെയുള്ള യു.എസ് പൗരന്മാരുടെ മരണത്തിന് പ്രധാനമായും കാരണമാകുന്നത് മയക്കുമരുന്നാണെന്നും ഇത് ദേശീയ അടിയന്തരാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നിയമവിരുദ്ധമായ ഫെന്റനില്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്ന് ഉത്പന്നങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ഉറവിടമാണ് ചൈനയെന്ന് ട്രംപ് കുറ്റപ്പെടുത്തി. പട്ടികയിലുള്ള അഫ്ഗാനിസ്ഥാന്‍, വെനസ്വേല, ബൊളീവിയ, ബര്‍മ, കൊളംബിയ തുടങ്ങിയ അഞ്ച് രാജ്യങ്ങള്‍ മയക്കുമരുന്ന് തടയുന്നതിനുള്ള നടപടിയെടുക്കുന്നതില്‍ പ്രകടമായി പരാജയപ്പെട്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ കരാറുകള്‍ പാലിക്കുന്നതില്‍ ഈ രാഷ്ട്രങ്ങള്‍ക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്ക്മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ഈ രാജ്യങ്ങളോട് യു.എസ് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, ഈ പട്ടികയിലുള്‍പ്പെട്ട രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനല്ല യു.എസ് ശ്രമമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെ ചൊല്ലി ഇന്ത്യയും യുഎ.എസും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ട്രംപിന്റെ ആക്ഷേപമെന്നതും ശ്രദ്ധേയമാണ്. വിഷയത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content  Highlight: 23 countries including India, China, Pakistan on list of drug producers’; Trump insults