മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നുമുള്ള കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്ത്
Kerala News
മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നുമുള്ള കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th May 2025, 7:37 am

കൊല്ലം: അറബിക്കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകളിലൊന്ന് കൊല്ലം തീരത്ത്. കടല്‍ഭിത്തികളിലിടിച്ച് ഒരു ഭാഗം തുറന്ന നിലയിലാണ് കണ്ടെയ്‌നറുകളുള്ളത്.

സമീപപ്രദേശത്തുള്ള അഞ്ചോളം വീട്ടുകാരെ പ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചതായാണ് വിവരം. കണ്ടെയ്‌നറില്‍ ഒന്നും ഇല്ലെന്നും തുറന്ന നിലയിലാണെന്നുമാണ് സൂചന.

ചവറ ആല്‍ത്തറമൂട് ഭാഗത്തും നീണ്ടകരയിലുമാണ് കണ്ടെയ്‌നറുകള്‍ കാണപ്പെടുന്നത്. ഏകദേശം ഒരു മണിക്കൂര്‍ മുമ്പാണ് തീരത്തേക്ക് എത്തിയത്. മത്സ്യ തൊഴിലാളികളാണ് കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകി നടക്കുന്നതും തീരത്തെത്തിയതും അധികൃതരെ അറിയിച്ചത്. ചവറ പരിമളം തീരത്ത് രണ്ട് കണ്ടെയ്‌നറുകള്‍ എത്തിയതായും നിലവില്‍ അധികൃതരൊന്നും തന്നെ സ്ഥലത്തില്ലെന്നുമാണ് വിവരം.

നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകാമെന്നും എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ കണ്ടെയ്നറുകളെത്താന്‍ സാധ്യതയുണ്ടെന്നും നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

ശനിയാഴ്ച കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ചരിഞ്ഞത്. 26 ഡ്രിഗ്രി ചരിഞ്ഞ നിലയിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. ഏകദേശം ഒമ്പത് കാര്‍ഗോകള്‍ കപ്പല്‍ ചരിഞ്ഞപ്പോള്‍ തന്നെകടലില്‍ പതിച്ചിരുന്നു.

പക്ഷെ ഞായറാഴ്ച കാലാവസ്ഥ മോശമായതോടെ കപ്പല്‍ കൂടുതല്‍ ചരിയുകയും 50ഓളം കണ്ടെയ്നറുകള്‍ കടലില്‍ പതിക്കുകയുമായിരുന്നു. പിന്നാലെ കപ്പല്‍ പൂര്‍ണമായും മുങ്ങുകയും ചെയ്തു. പിന്നാലെ കപ്പലിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

കാര്‍ഗോകള്‍ കേരളതീരത്ത് അടിയാനാണ് സാധ്യതയെന്നും അങ്ങനെയുണ്ടായാല്‍ ജനങ്ങള്‍ കാര്‍ഗോയുടെ അടുത്തേക്ക് പോകുകയോ തൊടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.

Content Highlight: Containers from a sunken cargo ship washed up on the Kollam coast