നല്ല ജഡ്ജിമാര്‍ക്ക് മാത്രമല്ല മോശം ജഡ്ജിമാര്‍ക്കും ഭരണഘടന സംരക്ഷണമൊരുക്കുന്നു: ഹൃഷികേശ് റോയ്
national news
നല്ല ജഡ്ജിമാര്‍ക്ക് മാത്രമല്ല മോശം ജഡ്ജിമാര്‍ക്കും ഭരണഘടന സംരക്ഷണമൊരുക്കുന്നു: ഹൃഷികേശ് റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2025, 2:08 pm

ന്യൂദല്‍ഹി: നല്ല ജഡ്ജിമാരെ മാത്രമല്ല മോശം ജഡ്ജിമാരെയും ഭരണഘടന സംരക്ഷിക്കുന്നുവെന്ന് മുന്‍ ജസ്റ്റിസ് ഹൃഷികേശ് റോയ്. ഭരണഘടനയ്ക്കനുസൃതമായി ഒരു ന്യായാധിപന്‍ പ്രവര്‍ത്തിക്കാനായി ഒരു രക്ഷാകവചമുണ്ടെന്നും അത് തെറ്റ് ചെയ്ത ന്യായാധിപരെയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയ്ക്ക് അനുസൃതമായി ഒരു ന്യായാധിപന്‍ ഭയമോ പ്രീതിയോ കൂടാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനായി ജഡ്ജിമാര്‍ക്ക് ഒരു രക്ഷാകവചമുണ്ടെന്നും എന്നാലത് ശരിയായ പാതയിലല്ലാത്ത ഒരാളെയും സംരക്ഷിക്കും, മുന്‍ ജസ്റ്റിസ് പറഞ്ഞു.

അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ സംബന്ധിച്ച വിവാദങ്ങള്‍ പോലുള്ള കേസുകളില്‍ ഈ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജി തെറ്റ് ചെയ്യുന്ന സമയങ്ങളില്‍ അതിനെതിരായ നടപടികളെടുക്കുന്നതിന് ഇപ്പോഴുള്ള നിയമങ്ങള്‍ മന്ദഗതിയിലും പരിമിതവുമാണെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇംപീച്ചമെന്റ് മാത്രമാണ് നിലവിലുള്ള മാര്‍ഗമെന്നും ഇക്കാര്യങ്ങളില്‍ തിടുക്കപ്പെടാനാവില്ലെന്നും സംവിധാനങ്ങള്‍ക്കനുസരിച്ച് മാത്രമേ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ തത്വങ്ങള്‍ പാലിക്കാന്‍ ജുഡീഷ്യറി ബാധ്യസ്ഥരാണെന്നും കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെര്‍ച്വല്‍ ഹിയറിങ്ങുകള്‍ സുപ്രീം കോടതിയുടെ പ്രവേശനക്ഷമതയ്ക്ക് ചില സന്ദര്‍ഭങ്ങളില്‍ സന്ദുലിതാവസ്ഥ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജഡ്ജിമാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടരുതെന്ന് നേരത്തെ വ്യക്തമാക്കിയ കാര്യങ്ങളാണെന്നും എന്നാല്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെങ്കിലും പുതിയ ആളുകള്‍ക്ക് നിരന്തരമായ സമ്മര്‍ദത്തിന് ഇത് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Constitution protects not only good judges but also bad judges: Ex-Justice