ന്യൂദൽഹി: മനുസ്മൃതിയല്ല ഭരണഘടനയാണ് നമുക്ക് സംസാരിക്കാനുള്ള അവകാശം നൽകിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ പ്രാപ്തമാക്കിയതും എല്ലാവർക്കും പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നൽകിയതും മനുസ്മൃതിയല്ല, ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഖാർഗെ സർക്കാരിനെതിരെ നിശിതമായ ആക്രമണം അഴിച്ചുവിട്ടു. ഒപ്പം ‘മനുവാദി’ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
‘ഭരണഘടന ഉണ്ടായത് കൊണ്ടാണ് ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. അല്ലാതെ മനുസ്മൃതി കാരണമല്ല. ഭരണഘടന ഉള്ളത് കൊണ്ടാണ് നമുക്ക് സംസാരിക്കാനുള്ള അവകാശം ലഭിച്ചത്. മനുവാദികളെ അകറ്റി നിർത്തണം,’ അദ്ദേഹം പറഞ്ഞു.
2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെയാണ് മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഖാർഗെ എത്തിയത്.
വികസനം, തൊഴിൽ, കർഷക ക്ഷേമം, ഫെഡറൽ ഘടന എന്നീ മേഖലകളിൽ മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ പൂർണ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. ജി.ഡി.പി കുറയുന്നതും രൂപയുടെ മൂല്യത്തകർച്ചയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും തെളിയിക്കുന്നത് രാജ്യം ഒരു വികസനവും കണ്ടിട്ടില്ലെന്ന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
2004-14 കാലഘട്ടത്തിൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.8 ശതമാനമായിരുന്നു, അതേസമയം 2014 മുതൽ ബി.ജെ.പിയുടെ ഭരണകാലത്ത് ജി.ഡി.പി വളർച്ച 5.8 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വികസനമില്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. രാജ്യത്ത് തൊഴിലില്ലാത്തതിനാൽ വിദ്യാസമ്പന്നർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു. സർക്കാർ മേഖലയിൽ 35-40 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എന്തുകൊണ്ടാണ് ഈ തസ്തികകൾ നികത്താത്തത്?” ദളിതർക്ക് അവസരങ്ങൾ നിഷേധിക്കാനുള്ള മനഃപൂർവമായ തന്ത്രമാണിതെന്നും ഖാർഗെ പറഞ്ഞു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ ഉദ്ധരിച്ച്, കഴിഞ്ഞ ദശകത്തിൽ ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാർഷിക വായ്പാ പരിധി വർധിപ്പിച്ചതുകൊണ്ട് മാത്രം കാർഷിക പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എൻ.സി.ആർ.ബി പ്രകാരം, 2014 മുതൽ ഇന്നുവരെ ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആരാണ് ഇതിന് ഉത്തരവാദി?,’ അദ്ദേഹം ചോദിച്ചു.
വെറും നാല് മാസത്തിനുള്ളിൽ 12,000 എം.എസ്.എം.ഇകൾ അടച്ചുപൂട്ടിയതായി ഖാർഗെ പറഞ്ഞു. റെയിൽവേയുടെയും തുറമുഖങ്ങളുടെയും സ്വകാര്യവത്ക്കരണത്തെയും അദ്ദേഹം വിമർശിച്ചു, അവ അദാനിക്ക് കൈമാറിയതായി അദ്ദേഹം വിമർശിച്ചു. സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗക്കാർക്കും എതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതും അദ്ദേഹം എടുത്തുകാണിച്ചു, അതേസമയം ശിക്ഷാ നിരക്കുകൾ കുറയുന്നത് മോശം ഭരണത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Constitution gave us right to speak, not Manu Smriti: Kharge in Rajya Sabha