ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ? കേള്‍വി തകരാര്‍ കാത്തിരിക്കുന്നു
Health Tips
ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ? കേള്‍വി തകരാര്‍ കാത്തിരിക്കുന്നു
ന്യൂസ് ഡെസ്‌ക്
Monday, 24th June 2019, 10:36 am

 

മൊബൈല്‍ഫോണ്‍ ഉപയോഗം പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഇയര്‍ഫോണ്‍ ഉപയോഗം നമ്മുടെ കേള്‍വിശേഷിയെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകാരോഗ്യസംഘടനയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ശബ്ദോപകരണങ്ങളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം കൗമാരപ്രായക്കാരിലും യുവതീയുവാക്കള്‍ക്കിടയിലും വില്ലനാകുന്നുവെന്നാണ് വ്യക്തമായത്. സാധാരണ സുരക്ഷിതമായ ശബ്ദ തോത് എന്ന് പറയുന്നത് 80-85 ഡെസിബെല്ലാണ്.

എന്നാല്‍ ഇതിലും ഉയര്‍തോതിലാണ് പലരും പാട്ടുകേള്‍ക്കുന്നതും മറ്റും. തുടര്‍ച്ചയായി 15 മിനിറ്റ് ഇത്തരത്തില്‍ പാട്ടുകേള്‍ക്കുന്നത് കേള്‍വിത്തകരാറിലേക്ക് നയിക്കും.ഉയര്‍ന്ന ഡെസിബല്ലിലുള്ള ശബ്ദം ഇയര്‍ഡ്രമ്മിലെത്തി ശക്തിയേറിയ കമ്പനങ്ങളായി മാറി സെന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ശബ്ദം കുറച്ചുവെച്ച് മണിക്കൂറുകളോളം സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിച്ചാലും പ്രശ്‌നമുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.30%-40% നാശമുണ്ടാക്കുമ്പോഴാണ് നമ്മള്‍ക്ക് കേള്‍വിക്കുറവ് അനുഭവപ്പെടുന്നത്. ചെവിയിലെ സെന്‍സര്‍ കോശങ്ങള്‍ വീണ്ടും ഉണ്ടാകാത്തതിനാല്‍ നമ്മള്‍ ശബ്ദോപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ചെവിയ്ക്ക് അകത്തേക്ക് ഇറക്കിവെക്കുന്ന രീതിയിലുള്ള ഇയര്‍ഫോണുകള്‍ ഒഴിവാക്കുക.

ചെവിയെ പൂര്‍ണമായും കവര്‍ചെയ്യുന്ന ഇയര്‍ഫോണുകള്‍ ഉപയോഗിക്കാം. ഇത് കുറച്ചുകൂടി സുരക്ഷിതമാണ്.

ഇയര്‍ഫോണ്‍ ഒരിക്കലും പരമാവധി ശബ്ദത്തില്‍ ഉപയോഗിക്കാതിരിക്കുക

നിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ഒഴിവാക്കുക

ഒരു ദിവസം ഒരു മണിക്കൂറില്‍ അധികം ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. ശബ്ദം കുറച്ചുവെച്ച് ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും കേള്‍വിയെ ബാധിക്കും

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കേണ്ടി വന്നാല്‍ കുറച്ചുനാളത്തേക്ക് പൂര്‍ണമായും ഇയര്‍ഫോണില്‍ നിന്ന് അകലം പാലിക്കുക

 

പരിഹാരം

കേള്‍വിക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇഎന്‍ടി വിദഗ്ധനെ കാണുകയാണ് വേണ്ടത്. ഓഡിയോമെട്രിക് ടെസ്റ്റ് വഴി കേള്‍വിതകരാര്‍ കണ്ടെത്താം. പ്രശ്‌നം നേരത്തെ തിരിച്ചറിഞ്ഞാല്‍ പരിഹരിക്കാന്‍ സാധിക്കും.