അമേഠി: ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അധിക്ഷേപിച്ചതില്‍ പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ഫേസ്ബുക്ക് ഉപയോക്താവിനെതിരെ നടപടിയെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഗ്രാംപൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശുഭം സിങ്ങാണ് പരാതി നല്‍കിയത്.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ ശുഭം സിങ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മെമ്മോറാണ്ടം കൈമാറുകയായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് പരാതിക്ക് അടിസ്ഥാനമായ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായത്.
പരാതിയില്‍ നടപടി ആരംഭിച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഖിലേഷ് സിങ് പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാഹുലിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മക്കുമെതിരെ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ അധിക്ഷേപ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതായി ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
തന്റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന് രാജ്യത്തെ എല്ലാ അമ്മമാരെയും അപമാനിക്കുന്നുവെന്നുമാണ് മോദി വൈകാരികമായി പ്രതികരിച്ചത്. എന്ത് തെറ്റാണ് തന്റെ അമ്മ ചെയ്തതെന്നും തന്റെ അമ്മ ഇതുവരെ രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.
അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്-ആര്‍.ജെ.ഡി നടത്തിയ പ്രകടനം ബീഹാറിലെ എല്ലാ അമ്മമാരെയും അപമാനിക്കുന്നതിന് തുല്യമായിരുന്നു. തന്റെ അമ്മയെ അപമാനിച്ചതില്‍ താന്‍ മാപ്പ് നല്‍കുമെന്നും എന്നാല്‍ ബീഹാറിലെ ജനത ക്ഷമിക്കില്ലെന്നും മോദി പരാമര്‍ശിച്ചിരുന്നു.
ബീഹാറിലെ വനിതകള്‍ക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം. പിന്നാലെ മോദിയുടെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി ബീഹാര്‍ നേതൃത്വം സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിക്കുകയുമുണ്ടായി.
Content Highlight: Congress workers file complaint over Facebook post abusing Rahul Gandhi