ഏതെങ്കിലുമൊരു വ്യക്തി നയിക്കുന്ന പ്രചരണം വേണ്ട; കോൺഗ്രസിന് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ല; എ.ഐ.സി.സി
Kerala
ഏതെങ്കിലുമൊരു വ്യക്തി നയിക്കുന്ന പ്രചരണം വേണ്ട; കോൺഗ്രസിന് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ല; എ.ഐ.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th October 2025, 9:44 am

ന്യൂദൽഹി: കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് എ.ഐ.സി.സി. ഏതെങ്കിലും ഒരു വ്യക്തി നയിക്കുമെന്ന തരത്തിലുള്ള പ്രചരണം വേണ്ടെന്നും ദൽഹിയിൽ എത്തിയ കേരള നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.

വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ നിർണയിക്കുകയെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മാത്രമേ മാനദണ്ഡങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയുള്ളൂയെന്നും എ.ഐ.സി.സി അറിയിച്ചു.

കോൺഗ്രസിനുളളിലെ കേരളത്തിലുള്ള പ്രശ്നങ്ങൾ കേരളത്തിൽ തന്നെ തീർക്കണമെന്നും മൂന്നാമതൊരു വട്ടം കൂടി പരാജയം ഏറ്റുവാങ്ങിയാലുള്ള പ്രത്യാഘാതങ്ങളെന്തായിരിക്കുമെന്നും എ.ഐ.സി.സി നേതാക്കളോട് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന തരത്തിലുള്ള പല നേതാക്കളുടെയും രീതികൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും എ.ഐ.സി.സി കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരു വ്യക്തി നയിക്കുമെന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണം വേണ്ടെന്നും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി തെരഞ്ഞെടുപ്പിൽ നിർത്തണമെന്നും, തന്റെ ആൾ അല്ലെങ്കിൽ പ്രത്യേക ഗ്രൂപ്പ് എന്ന തരത്തിലുള്ള മാനദണ്ഡമല്ല പകരം ജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും എ.ഐ.സി.സി അറിയിച്ചു.

നിലവിൽ കോൺഗ്രസിലുള്ള തർക്കങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കാനായി ഒരു കോർ കമ്മിറ്റി നിയോഗിക്കുമെന്നും ഹൈക്കമാൻഡ് പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തന്നെയായിരിക്കും ഈ കമ്മിറ്റിയിലെ അംഗങ്ങൾ എന്നാൽ ഹൈക്കമാൻഡിന്റെ മേൽനോട്ടത്തിലാവും ഈ താത്കാലിക സമിതി പ്രവർത്തിക്കുക.

Content Highlight: Congress will not have a CM candidate in Kerala: AICC