സാമ്പത്തിക പ്രതിസന്ധി; രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
Economic Crisis
സാമ്പത്തിക പ്രതിസന്ധി; രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Thursday, 12th September 2019, 11:54 pm

ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന പശ്ചാത്തത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 15 മുതല്‍ 25 വരെയാണ് കോണ്‍ഗ്രസ് രാജ്യ വ്യാപക പ്രക്ഷോഭം നടത്തുന്നത്.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നുകാണിച്ച് രാജ്യമൊട്ടാകെ വലിയ തോതിലുളള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുളള മൂന്നുദിവസം സംസ്ഥാനതലത്തില്‍ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് യു.പി.എ സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് തെരുവിലിറങ്ങാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ആഹ്വാനം ചെയ്തു. മന്‍മോഹന്‍ സിങിന്റെ അഭിപ്രായത്തെ മറ്റു മുതിര്‍ന്ന നേതാക്കളുടെ ഒപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പിന്തുണച്ചു

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 9 വരെ കോണ്‍ഗ്രസ് പതയാത്ര നടത്താനും തീരുമാനിച്ചു.