മറന്ന മുദ്രാവാക്യങ്ങള്‍ തിരിച്ചുപിടിക്കൂ കോണ്‍ഗ്രസ്; എന്തെങ്കിലും സംശയം തോന്നിയാല്‍ രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ നിയമസഭയില്‍ പോയാല്‍ മതി
FB Notification
മറന്ന മുദ്രാവാക്യങ്ങള്‍ തിരിച്ചുപിടിക്കൂ കോണ്‍ഗ്രസ്; എന്തെങ്കിലും സംശയം തോന്നിയാല്‍ രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ നിയമസഭയില്‍ പോയാല്‍ മതി
കെ.ജെ ജേക്കബ്
Wednesday, 12th December 2018, 2:06 pm

 

“ഞങ്ങള്‍ നല്ല പൗരന്മാരായിരിക്കുക എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. മതത്തിന്റെ പേരില്‍ അക്രമം ഉണ്ടാക്കുന്നവരാകാന്‍ പാടില്ല ഞങ്ങള്‍ എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. ഹിന്ദുവാകട്ടെ, മുസല്‍മാനാകട്ടെ, സിക്കുകാരനോ ക്രിസ്ത്യാനിയോ ആകട്ടെ, ഇവിടെ എല്ലാവരും തുല്യരാണ്.”

പശുക്കൊല ക്രിമിനലുകള്‍ വെടിവെച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ മകന്‍ അച്ഛനെപ്പറ്റി പറഞ്ഞതാണിത്. മാട്ടിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്ന കള്ളപ്രചരണം നടത്തി മുഹമ്മദ് അഖ്ലാഖിനെ പശുക്കൊല ക്രിമിനലുകള്‍ കൊന്ന കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

സുബോധ് കുമാറാണ് സാധാരണ ഇന്ത്യന്‍ ഹിന്ദു. അയാളുടെ പൂര്‍വികരാണ് മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ഒരു രാജ്യത്തിനു മതേതരത്വം ഉറപ്പിക്കുന്ന ഒരു ഭരണഘടന നല്‍കിയത്. അയാളെപ്പോലെയുള്ള കോടിക്കണക്കിനു മനുഷ്യരുടെ ഉറപ്പിലാണ് ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കുന്നത്; ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കുന്നത്.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായതെന്തോ തട്ടിയെടുക്കുന്നു എന്നും, അവര്‍ക്കു സംവരണം കൊടുക്കുന്നു എന്നും, അവര്‍ കാലക്രമത്തില്‍ ഇന്ത്യയില്‍ ഭൂരിപക്ഷമാകും എന്നും, അമ്പലങ്ങളിലെ പണം സര്‍ക്കാര്‍ അടിച്ചു മാറ്റുന്നു എന്നും, ദേവസ്വത്തിലെ ജോലിക്കാരില്‍ ഭൂരിഭാഗം ന്യൂനപക്ഷങ്ങളാണ് എന്നും.. അങ്ങിനെയങ്ങിനെ നുണകള്‍ ഉല്‍പ്പാദിപ്പിക്കാനും വിതരണവും ചെയ്യാനുമുള്ള ഫാകറ്ററികളും വിതരണ ശൃംഖലയും തയ്യാറാക്കിയാണ് പരിവാരം ഹിന്ദുക്കളെ ഹിന്ദുത്വയുടെ ഇരകളാക്കുന്നത്. അതിലൊരാളാണ്, സുമിത് കുമാര്‍, ഇരുപതു വയസു പ്രായമുള്ള ചെറുപ്പക്കാരന്‍, പശുക്കൊല സംഘത്തില്‍ ഉള്‍പ്പെടുന്നതും അക്രമത്തിനു പോകുന്നതും കൊല്ലപ്പെടുന്നതും.

വായനക്കാര്‍ക്കു മാറിപ്പോകരുത്: സുബോധ്കുമാര്‍: മതത്തിനപ്പുറത്തു മനുഷ്യനെ വയ്ക്കാന്‍ മകനെ പഠിപ്പിച്ച, അതിന്റെ പേരില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍; സുമിത്കുമാര്‍: മനുഷ്യനുമേല്‍ പശുവിനെ വയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇര.

ഇന്ത്യ ഇന്ന് ഈ രണ്ടു വിഭാഗം മനുഷ്യരുടെ നാടായി മാറി എന്നതാണ് സത്യം. സ്വാതന്ത്ര്യ സമരത്തിന്റെ കാലത്തു ദേശീയപ്രസ്ഥാനത്തില്‍നിന്നു സ്വയം മാറിനിന്ന സുമിത് കുമാറിന്റെ പൂര്‍വ്വികര്‍, ഹിന്ദുത്വയുടെ പ്രചാരകര്‍, ഗാന്ധിവധത്തിനു ശേഷം മാറ്റിനിര്‍ത്തപ്പെട്ടു. ഈ രാജ്യത്തിന്റെ വൈവിധ്യത്തെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്ന പണ്ഡിറ്റ് ജവാര്‍ഹര്‍ലാല്‍ നെഹ്രുവിനു സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും കൂടി ഇടയാക്കി എന്നതാണ് വാസ്തവത്തില്‍ മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന്റെ ഗുണഫലം.

Also read:മധ്യപ്രദേശിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കമല്‍നാഥിന് അഭിനന്ദനങ്ങള്‍; രാജിക്ക് പിന്നാലെ ശിവരാജ് സിങ് ചൗഹാന്‍

പക്ഷെ ലോകത്തെല്ലാമുള്ള ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കു പറ്റിയതുപോലെ കോണ്‍ഗ്രസിനും പറ്റി: സ്വന്തം മുദ്രാവാക്യം ഇടയ്ക്കു വച്ച് മറന്നു. പണ്ഡിറ്റ് നെഹ്രുവിന്റെ മകള്‍ ജനാധിപത്യം മറന്നു, അദ്ദേഹത്തിന്റെ പാര്‍ട്ടി സാമ്പത്തിക നീതി മറന്നു. ദരിദ്രരായ മനുഷ്യരെ മറന്നു. സുബോധ്കുമാര്‍ മാരെ മറന്നു. ആ ഇടയിലൂടെ ഒരുകാലത്തു നിഷ്‌കാസിതരായ വര്‍ഗീയവാദികള്‍ ഇടിച്ചുകയറി. അവര്‍ രാഷ്ട്രീയത്തിന്റെ ടെംപ്ളേറ്റ് മാറ്റി. പശുവിനെ, രാമനെ, അയ്യപ്പനെ, അവരുടെ ചെലവില്‍ മറയില്ലാത്ത വര്‍ഗീയതയെ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തുകൊണ്ടുവന്നു. ഇപ്പോള്‍ നോക്കൂ, പശു കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ക്കൂടി കയറിപ്പറ്റി; രാമക്ഷേത്രനിര്‍മ്മാണത്തിനു പറ്റിയ ആളുകള്‍ ഞങ്ങളാണ് എന്ന് പറയാന്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും ഒരു കോണ്‍ഗ്രസ് നേതാവെങ്കിലും ഉണ്ടായി.

പക്ഷെ അക്കാര്യത്തില്‍ ഞാന്‍ കോണ്‍ഗ്രസിനെ കുറ്റം പറയില്ല. ബി.ജെ.പി യും സംഘപാരിവാരവും ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ ഘടനയെ അത്രയധികം മാറ്റിയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കബറിസ്ഥാനും ശ്മശാനവും ആയുധമാക്കാന്‍ യാതൊരു മടിയുമില്ലാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പ് തോല്‍ക്കും എന്ന ഘട്ടം വന്നപ്പോള്‍ ഡോ. മന്‍മോഹന്‍സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്നും അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകണമെന്നു പാകിസ്ഥാനികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും പറയാന്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല.

അത്യന്തരം ആപല്‍ക്കരമായ, വര്‍ഗീയമായ നാശകാരിയായ പ്രചാരണം നടത്താന്‍ കെല്‍പ്പുള്ള എതിരാളികള്‍ അപ്പുറത്തുള്ളപ്പോള്‍ കോണ്‍ഗ്രസ് എടുത്ത മുന്‍കൂര്‍ജാമ്യമായാണ് രാഹുല്‍ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനങ്ങളും “കൗള്‍” ഗോത്രപ്രഖ്യാപനവുമൊക്കെ ഞാന്‍ കാണുക. അത് ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഹിന്ദുക്കളുടെ ശത്രുവാണ് എന്ന പ്രചാരണം നടത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ബി.ജെ.പിയ്ക്കുണ്ടാവില്ല. നെറ്റിയിലുള്ള കുറിയും നാലമ്പല ദര്‍ശനവും കഴിഞ്ഞപ്പോള്‍ ബി.ജെ.പിയ്ക്ക് അക്കാര്യത്തില്‍ ഒന്നും പറയാനില്ല എന്നായി. സത്യത്തില്‍ ഈ വേഷംകെട്ടല്‍ നടത്തിയാലേ നുണപ്രചാരണ ഫാകറ്ററിയോടു പിടിച്ചുനില്‍ക്കാനാവൂ എന്നത് അയാളുടെ ഗതികേടാണ്.

“ഭഗവാനെന്തിനാടോ പാറാവ്” എന്ന് ചോദിച്ചിട്ടു പൊടിയും തട്ടി എഴുന്നേറ്റുപോയ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ പിന്മുറക്കാരന് ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല എന്ന് മാത്രമല്ല മൈക്ക് കെട്ടി മാലോകരോട് പറയേണ്ടി വരുന്നത്; ക്ഷേത്ര വിശ്വാസികള്‍ക്കുവേണ്ടി തന്റെ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന അസംഖ്യം കാര്യങ്ങള്‍കൂടിയാണ് എന്നോര്‍ത്താല്‍ ഭൂരിപക്ഷ മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന പ്രതിയോഗിയോട് ഏറ്റുമുട്ടുന്ന മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എത്തിപ്പെട്ടിരിക്കുന്ന ഗതികേടിന്റെ, പ്രതിസന്ധിയുടെ ആഴം മനസിലാക്കാം.

പക്ഷെ ഇനിയങ്ങോട്ട് ആ ലക്ഷ്വറി കോണ്‍ഗ്രസിനില്ല, അതിന്റെ ആവശ്യവുമില്ല എന്നാണ് എന്റെ തോന്നല്‍. ഹിന്ദിഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ തിരിച്ചെത്തിച്ച രാഹുല്‍ഗാന്ധിക്ക് വിടുവായന്‍ ഗോസ്വാമിമാരുടെ സര്‍ട്ടിഫിക്കറ്റിന്റെ പേടിക്കേണ്ട. നുണഫാക്ടറിയില്‍നിന്നും പുറപ്പെടുന്ന അശ്ലീല പ്രചാരണത്തെയോര്‍ത്തു ചൂളിനില്‍ക്കേണ്ട. കോണ്‍ഗ്രസ് തന്നെ പണ്ട് തുറന്നുവിട്ട നിയന്ത്രങ്ങളില്ലാത്ത കോര്‍പ്പറേറ്റ് ഭൂതങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ എങ്ങിനെ തിരിച്ചുകൊണ്ടുവരും എന്നും അവര്‍ക്കുവേണ്ടി ചെയ്യുന്ന ദാസ്യപ്പണിയില്‍ മോദിയും കൂട്ടുകാരും ചിതറിച്ചുകളഞ്ഞ കൃഷിക്കാരുടെയും ചെറുപ്പക്കാരുടെയും ജീവിതങ്ങള്‍ എങ്ങിനെ തുന്നിച്ചേര്‍ക്കാം എന്നും നാട്ടുകാരോട് പറയാന്‍ തയ്യാറായാല്‍ മതി.

അപ്പോള്‍ അവരെങ്ങനെ പ്രതികരിക്കും എന്ന കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ രാഹുല്‍ഗാന്ധി ഒരിക്കല്‍ രാജസ്ഥാന്‍ നിയമസഭയില്‍ പോകണം. അവിടെ രണ്ടു മെലിഞ്ഞ മനുഷ്യര്‍ ഇരിക്കുന്നുണ്ടാവും. ഗിരിധര്‍ലാല്‍ മഹിയ, ബല്‍വന്‍ പൂനിയ. അവരുടെ വരണ്ട, വിണ്ടുകീറിയ കാലുകളില്‍, അവരും സഖാക്കളും നടന്നുതീര്‍ത്ത വഴികളില്‍ പശുരാഷ്ട്രീയത്തിനുള്ള പ്രതിവിധികളുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ പ്രതിയോഗിയായിരുന്ന പണ്ഡിറ്റ് നെഹ്രുവിന്റെ കൊച്ചുമകന്, വായിച്ചെടുക്കാന്‍ ചില കാര്യങ്ങള്‍ അവിടെയുണ്ടാകും.