തോല്‍വിയ്ക്ക് പിന്നാലെ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് കോണ്‍ഗ്രസ്; ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും
Kerala News
തോല്‍വിയ്ക്ക് പിന്നാലെ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് കോണ്‍ഗ്രസ്; ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th May 2021, 7:39 pm

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടന നടത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം.

പാര്‍ട്ടി ഭാരവാഹിത്വത്തിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനും തീരുമാനമായി. പാര്‍ട്ടി പുനഃസംഘടനയ്ക്ക് വിശദമായ മാര്‍ഗരേഖ തയ്യാറാക്കും. ഇതിനായി രണ്ട് ദിവസം നീളുന്ന രാഷ്ട്രീയ കാര്യ സമിതി യോഗം വീണ്ടും ചേരും. ലോക്ഡൗണിന് ശേഷമാകും യോഗം ചേരുക.

തെരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച് എം.എല്‍.എമാര്‍, മണ്ഡലങ്ങളിലെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയ കാര്യസമിതിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

99 സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് ഇത്തവണ അധികാരത്തിലെത്തിയത്. 41 സീറ്റുകളാണ് യു.ഡി.എഫിന് നേടാനായത്. 92 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 21 സീറ്റുകളിലാണ് വിജയിക്കാനായത്.

പരാജയത്തിന് ഉത്തരവാദിത്തം ഒറ്റയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്‍ മന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress to check Kerala assembly election failure