മുഖ്യമന്ത്രി സീറ്റിന് 500 കോടിയെന്ന പരാമര്‍ശം; നവ്‌ജോത് കൗര്‍ സിദ്ദുവിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
India
മുഖ്യമന്ത്രി സീറ്റിന് 500 കോടിയെന്ന പരാമര്‍ശം; നവ്‌ജോത് കൗര്‍ സിദ്ദുവിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 7:48 pm

ന്യൂദല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവും നവ്‌ജോത് സിങ് സിദ്ദുവിന്റെ പങ്കാളിയുമായ നവ്‌ജോത് കൗര്‍ സിദ്ദുവിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്.

പഞ്ചാബില്‍ മുഖ്യമന്ത്രി സീറ്റിന് 500 കോടി നല്‍കണമെന്നും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ അഞ്ച് നേതാക്കള്‍ അധികാരക്കൊതിയന്മാരാണെന്നും നവ്‌ജോത് കൗര്‍ വിമര്‍ശിച്ചിരുന്നു.

ഈ പരാമര്‍ശത്തിന് പിന്നാലെയാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തിരിക്കുന്നത്.

‘പഞ്ചാബില്‍ 500 കോടി രൂപ നല്‍കുന്നവര്‍ക്ക് മുഖ്യമന്ത്രി കസേര ലഭിക്കും. എന്നാല്‍, ഒരു പാര്‍ട്ടിക്കും മുഖ്യമന്ത്രി സ്ഥാനത്തിനായി നല്‍കാന്‍ തങ്ങളുടെ കൈവശം പണമില്ല. പഞ്ചാബിനെ ഒരു സുവര്‍ണ സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്.

പഞ്ചാബിനും പഞ്ചാബ് സ്വത്വത്തിനും വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നത്,’ എന്നായിരുന്നു കഴിഞ്ഞദിവസം മാധ്യമങ്ങളെ കാണുന്നതിനിടെ നവ്ജോത് കൗറിന്റെ വാക്കുകള്‍.

കോണ്‍ഗ്രസ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ദുവിനെ പ്രഖ്യാപിച്ചാല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്നും നവ്ജോത് കൗര്‍ പറഞ്ഞിരുന്നു.

എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന അഞ്ച് നേതാക്കള്‍ നിലവില്‍ കോണ്‍ഗ്രസിലുണ്ടെന്നും അവരാണ് സിദ്ദുവിനെ മുന്നോട്ട് വരാന്‍ അനുവദിക്കാത്തത്.

പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് കാരണം സിദ്ദുവിനെ വളരാന്‍ അനുവദിക്കുന്നില്ല. അഞ്ച് നേതാക്കള്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.

സിദ്ദു വീണ്ടും ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തെ കുറിച്ച് അഭിപ്രായം പറയാന്‍ താനാളല്ല എന്നും നവ്ജോത് കൗര്‍ പ്രതികരിച്ചിരുന്നു. ക്രിക്കറ്ററും രാഷ്ട്രീയക്കാരനുമായ സിദ്ദു കഴിഞ്ഞ വര്‍ഷത്തോടെ പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ക്രിക്കറ്റ് കമന്ററിയിലേക്കും യൂട്യൂബ് ചാനലിലൂടെയുള്ള ക്രിക്കറ്റ് അവലോകനത്തിലേക്കും കടന്നിരുന്നു.

Content Highlight: Punjab  CM seat costs Rs 500 crore:  Congress suspends Navjot Kaur Sidhu for the remark