രാജിയില്ല, രാഹുലിന് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഷന്‍; എം.എല്‍.എ ആയി തുടരും
Kerala News
രാജിയില്ല, രാഹുലിന് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഷന്‍; എം.എല്‍.എ ആയി തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2025, 9:31 am

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയിയെ തുടര്‍ന്ന് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. എന്നാല്‍ രാഹുല്‍ എം.എല്‍.എ സ്ഥാനത്ത് തുടരും.

ഇതിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കാതിരിക്കാനും തീരുമാനമായിട്ടുണ്ട്.

ഇതോടെ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിക്കില്ല. വ്യക്തിപരമായി രാജിവെക്കാത്തിടത്തോളം രാഹുലിന് സ്വതന്ത്ര എം.എല്‍.എയായി തുടരേണ്ടി വരും.

രാഹുലുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളിലും മറുപടി പറയാനുള്ള ഉത്തരവാദിത്തവും ഇനി മുതല്‍ കോണ്‍ഗ്രസിന് ഉണ്ടാകില്ല. മാത്രമല്ല നിലവിലുള്ള ആരോപണങ്ങളിലെ നിയമനടപടി ഉള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തിപരമായി കൈകാര്യം ചെയ്യേണ്ടിയും വരും.

അതേസമയം, പാര്‍ട്ടി പുറത്താക്കിയ സാഹചര്യത്തില്‍ രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണെങ്കില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഒരു വര്‍ഷത്തിന് താഴെയാണ് കാലാവധിയെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തില്ല എന്നതാണ് മാനദണ്ഡം. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയുമുണ്ട്.

അങ്ങനെയെങ്കില്‍ കേരളത്തില്‍ പീരുമേട്, പാലക്കാട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളത്. പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്‍ അന്തരിച്ച ഒഴിവിലേക്കായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

എന്നാല്‍ ജനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ തന്നെ അത് ബി.ജെ.പിക്ക് സാധ്യത നല്‍കിയേക്കാമെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാക്കളായ വി.എന്‍. സുധീരന്‍, കെ. മുരളീധരന്‍, വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ഉമാ തോമസ്, ബിന്ദു കൃഷ്ണ തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചിരുന്നു.

 

Content Highlight: Congress Suspended Rahul Mamkoottathil