അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂലി അറസ്റ്റില്‍
Kerala
അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂലി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd December 2025, 8:41 pm

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോണ്‍ഗ്രസ് അനുകൂലി അറസ്റ്റില്‍.

ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സ്വദേശി സിജോ ജോസാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ പൊലീസാണ് സിജോയെ അറസ്റ്റ് ചെയ്തത്.

അതിജീവിതയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലാണ് അറസ്റ്റ്. സിജോ പൂവത്തും കടവില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയാണ് ഇയാള്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്.

അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ നേമം പൊലീസ് സിജോക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് തൃശൂര്‍ പൊലീസിന്റെ നടപടി.

നേരത്തെ അതിജീവിതയെ സൈബറിടങ്ങളില്‍ അപമാനിക്കുന്നവര്‍ക്കും യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ മറ്റൊരു പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ പരാതി ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ചന്ദ്രശേഖര്‍ റവാഡ അറിയിച്ചു.

ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നും ശരീരത്തില്‍ മുറിവേല്‍പ്പിച്ചെന്നുമാണ് പരാതി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പിയങ്ക ഗാന്ധിക്കും സണ്ണി ജോസെഫിനുമടക്കം പരാതി നല്‍കിയിരുന്നുവെന്നാണ് വിവരം.

വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ചെന്നും ക്രൂരമായി ബലാത്സംഗം ചെയ്തെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. കോണ്‍ഗ്രസ് നേതാവും തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ ഫെനി നൈനാനെതിരെയും ആരോപണമുണ്ട്.

എന്നാല്‍ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ഫെനി അറിയിച്ചു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.

അതേസമയം നാളെ (ബുധന്‍)യാണ് ബലാത്സംഗക്കേസില്‍ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Congress supporter arrested for circulating picture of abuse case survivor