ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തില്‍ നാടകീയമായ കൂട്ടുകെട്ടുകള്‍ക്ക് കളമൊരുങ്ങുന്നു. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച ഒറ്റക്കക്ഷിയായ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത് പിന്നില്‍ നിന്ന് കുത്തുന്ന നിലപാടാണെന്ന് സഖ്യകക്ഷിയായ ഡി.എം.കെ നേതാവ് ശരവണന്‍ അണ്ണാ ദുരൈ.
ഡി.എം.കെയുമായി സഖ്യമുള്ളതിനാലാണ് ഇത്തവണ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞതെന്നും ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കില്‍ സംപൂജ്യരാകുമായിരുന്നുവെന്നും ശരവണന്‍ തുറന്നടിച്ചു. വിജയ്‌യുടെ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി രഹസ്യബന്ധമുണ്ടെന്നും ബി.ജെ.പിയെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ വിമര്‍ശിക്കാന്‍ വിജയ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ പിന്തുണച്ച ജനങ്ങളേക്കാള്‍ ഉപരിയായി പ്രധാനമന്ത്രി മോദിക്കാണ് വിജയ് നന്ദി രേഖപ്പെടുത്തിയത്. ഇങ്ങനെയൊരാളെ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
2004ല്‍ യു.പി.എ മുന്നണി രൂപീകരണത്തിലും സഖ്യത്തിലും ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന് ശക്തമായ പിന്തുണ നല്‍കിയ പാര്‍ട്ടിയാണ് ഡി.എം.കെ. ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോഴെല്ലാം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഡി.എം.കെ നിരുപാതികം പിന്തുണച്ചിരുന്നു.
ഇന്ത്യാ മുന്നണിയിലെ തന്നെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് ഡി.എം.കെ. കൂടാതെ ടി.വി.കെയ്ക്ക് പിന്തുണ നല്‍കുന്നതിലൂടെ കോണ്‍ഗ്രസ് ദേശീയ അടിസ്ഥാനത്തിലുള്ള ഇന്ത്യാ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും വിമര്‍ശനമുണ്ട്.
234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയ ടി.വി.കെയ്ക്ക് ഭൂരിപക്ഷത്തിന് വെറും 11 സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്. പുറത്തുനിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ് ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അധികാര വികേന്ദ്രീകരണത്തെച്ചൊല്ലി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസും ഡി.എം.കെയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു.
ഇപ്പോള്‍ വിജയയുടെ സഖ്യവാഗ്ദാനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതാണ് ഡി.എം.കെയെ ചൊടിപ്പിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട ഡിഎംകെ-കോണ്‍ഗ്രസ് ബന്ധം ഇതോടെ അവസാനിക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നായിരുന്നു ശരവണന്റെ മറുപടി.
Content Highlight: Congress’ support for Tamizhaka Vetri Kakhagam is a backstabbing stance, says DMK leader Saravanan Annadurai