മുട്ടട: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. യു.ഡി.എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതാണ് തിരിച്ചടിയ്ക്ക് കാരണം.
പേര് വെട്ടിയതിനാല്‍ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. മേല്‍വിലാസത്തില്‍ പിഴവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാറിന്റെ പരാതിയിലാണ് കമ്മീഷന്‍ നടപടിയെടുത്തത്. കെ.എസ്.യു വൈസ് പ്രസിഡന്റായ വൈഷ്ണ മുട്ടട ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്.
ഹിയറിങ്ങിന് പരാതി ഉന്നയിക്കാത്തവരുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് (ശനി) പരിഗണിച്ചതായും വോട്ടര്‍ പട്ടികയിലെ തിരുത്ത് സംബന്ധിച്ച തന്റെ സത്യവാങ്മൂലം ഇന്നലെ (വെള്ളി) സ്വീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും വൈഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നാണ് പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതെന്നും വൈഷ്ണ പറഞ്ഞു.
‘നിലവില്‍ കൈവശമുള്ള വോട്ടര്‍ പട്ടികയില്‍ നല്‍കിയിരിക്കുന്നത് പഴയ ടി.സി 3/564 ആണ്. തന്റെ എല്ലാ തിരിച്ചറിയല്‍ രേഖകളും ആ ടി.സിയിലാണ് ഉള്ളത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലും പഴയ ടി.സിയാണ്.
എന്നാല്‍ പുതിയ ടി.സി 18/2365 എന്നാണ്. പഴയതും പുതിയതുമായ ടി.സികള്‍ ചേര്‍ന്നുകൊണ്ടാണ് 18/564 എന്ന് വോട്ടര്‍ പട്ടികയില്‍ വന്നിരിക്കുന്നത്. ഇത് പരിശോധിച്ച ശേഷം ഇതേ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്,’ വൈഷ്ണ പറഞ്ഞു.
പുതിയ ടി.സി എന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് കാണിച്ച് ഇന്നലെ പുതിയ സത്യവാങ്മൂലം കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സത്യവാങ്മൂലം സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. സമയപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സ്വീകരിക്കാതിരുന്നതെന്നും വൈഷ്ണ കൂട്ടിച്ചേര്‍ത്തു.
ശേഷം സ്പീഡ് പോസ്റ്റായി സത്യവാങ്മൂലം അയച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അധികൃതര്‍ അത് കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നതെന്നും വൈഷ്ണ പറയുന്നു. വോട്ടര്‍ ലിസ്റ്റിലെ ടി.സി നമ്പര്‍ മാറിയതില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നും വൈഷ്ണ പറഞ്ഞു.
Content Highlight: Congress suffers setback in Tvm; Vyshna’s name removed from voter list