അതിന് ധനസമ്പാദനം എന്താണെന്ന് രാഹുലിന് മനസ്സിലാകുന്നുണ്ടോ! രാജ്യത്തെ വിറ്റുതുലച്ചത് കോണ്‍ഗ്രസെന്ന് ധനമന്ത്രി
National Politics
അതിന് ധനസമ്പാദനം എന്താണെന്ന് രാഹുലിന് മനസ്സിലാകുന്നുണ്ടോ! രാജ്യത്തെ വിറ്റുതുലച്ചത് കോണ്‍ഗ്രസെന്ന് ധനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th August 2021, 4:21 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ്‌ലൈനിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

രാജ്യത്തിന്റെ വിഭവങ്ങള് വിറ്റുതുലച്ച് തിരിച്ചടി ഉണ്ടാക്കിയത് കോണ്‍ഗ്രസ് ആണെന്ന് നിര്‍മലാ സീതാരാമന്‍ ആരോപിച്ചു.

ധനസമ്പാദനം എന്താണെന്ന് രാഹുലിന് മനസ്സിലാകുന്നുണ്ടോ എന്നും നിര്‍മലാ സീതാരാമന്‍ ചോദിച്ചു.

70 വര്‍ഷം കൊണ്ട് പൊതുപണം കൊണ്ട് പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ സ്വത്ത് നരേന്ദ്ര മോദി തന്റെ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി വില്‍ക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നിര്‍മലാ സീതാരാമന്‍ രംഗത്തെത്തിയത്.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്.

റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്.

നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തിവില്‍പനയുടെ 14 ശതമാനം വരുന്നതാണിവ.

റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000കോടി ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24, 462 കോടി, റിയല്‍ എസ്റ്റേറ്റില്‍ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുക.

Content Highlights: Congress Sold Resources And Made Kickbacks”: Finance Minister Hits Back