'മോദിജിക്ക് ഏതായാലും സ്വന്തം ഗുണങ്ങള്‍ അറിയാം'; പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസവുമായി പ്രതിപക്ഷം
national news
'മോദിജിക്ക് ഏതായാലും സ്വന്തം ഗുണങ്ങള്‍ അറിയാം'; പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസവുമായി പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th July 2022, 3:13 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ അപലപിച്ച് പ്രതിപക്ഷം. വിലക്കേര്‍പ്പെടുത്തിയ വാക്കുകള്‍ മോദിയേയും മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനേയും ബി.ജെ.പിയേയും വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണെന്നും പ്രതിപക്ഷം പറഞ്ഞു. മോദിക്ക് തന്റെ ഗുണങ്ങള്‍ അറിയാമല്ലേയെന്നും പ്രതിപക്ഷം പരിഹസിച്ചു.

65 വാക്കുകള്‍ക്കാണ് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയത്. മന്ദബുദ്ധി, അരാജകവാദി, കൊവിഡ് വാഹകന്‍, സ്വേച്ഛാധിപതി, കഴിവില്ലാത്തവന്‍, ഗുണ്ടായിസം, കാപട്യം, കരിദിനം എന്നിവയുള്‍പ്പെടെയുള്ള വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്സഭ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പുതിയ ലഘുലേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പട്ടിക പുറത്തിറക്കിയതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നിലവില്‍ വിലക്കേര്‍പ്പെടുത്തിയ വാക്കുകള്‍ പ്രതിപക്ഷം സാധാരണയായി മോദിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നവയാണെന്നും, വിലക്ക് പ്രാബല്യത്തില്‍ വരുന്നതോടെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാക്കുകള്‍ സഭാ ചട്ടങ്ങള്‍ എതിരായി മാറുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

മോദിക്ക് ഏതായാലും തന്റെ ‘ഗുണങ്ങളെ’ക്കുറിച്ച് അറിയാമല്ലോ എന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയുടെ പരിഹാസം.

ചോദ്യോത്തരത്തിനും, വിമര്‍ശനങ്ങള്‍ക്കുമുള്ള വേദിയല്ലാതെ എല്ലാത്തിനും ‘ശരി സര്‍’ എന്ന പറയുന്ന സ്ഥലമാക്കി മാറ്റാനാണ് നിലവിലെ നടപടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുമെന്നും വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്നും കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ ട്വിറ്ററില്‍ കുറിച്ചു. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം കുറിച്ചു.

Content Highlight: congress slams parliament decision to ban certain words, says modi knows his qualities