ബി.ജെ.പി മന്ത്രിസഭ മുഴുവന്‍ നിരന്ന് നിന്നാലും രഘുറാം രാജന്റെ കഴിവിന്റെ ഏഴയലത്ത് വരില്ല: തിരിച്ചടിച്ച് കോണ്‍ഗ്രസ്
national news
ബി.ജെ.പി മന്ത്രിസഭ മുഴുവന്‍ നിരന്ന് നിന്നാലും രഘുറാം രാജന്റെ കഴിവിന്റെ ഏഴയലത്ത് വരില്ല: തിരിച്ചടിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2022, 10:49 pm

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പങ്കെടുത്തതിനെതിരെ ബി.ജെ.പി നടത്തിയ പ്രസ്താവനകളോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്.

കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് രഘുറാം രാജനെ ചോദ്യം ചെയ്യാനുള്ള എന്ത് യോഗ്യതയാണുള്ളതെന്ന് കോണ്‍ഗ്രസ് മീഡിയ ഡിപ്പാര്‍ട്‌മെന്റ് തലവന്‍ പവന്‍ ഖേര ചോദിച്ചു.

‘ബി.ജെ.പിയുടെ മുഴുവന്‍ മന്ത്രിസഭ നിരന്ന് നിന്നാല്‍ പോലും രഘുറാം രാജന്റെ കഴിവിന്റെ ഏഴയലത്ത് വരില്ല. നോട്ടുനിരോധനവും മറ്റും നടപ്പാക്കും മുമ്പ് രഘുറാം രാജനെ പോലുള്ളവരോട് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ മോദി ഈ രാജ്യത്തെ തള്ളിയിട്ടിരിക്കുന്ന സാമ്പത്തിക ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാമായിരുന്നു,’ പവന്‍ ഖേര മാധ്യമങ്ങളോട് പ്രതികരിച്ചു.

രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതില്‍ അത്ഭുതമില്ലെന്നും അടുത്ത മന്‍മോഹന്‍ സിങ്ങാണെന്ന് സ്വയം കരുതുന്ന ആളാണ് രഘുറാം രാജനെന്നുമാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞിരുന്നത്.

ഇന്ത്യന്‍ സാമ്പത്തികരംഗത്തെ കുറിച്ചുള്ള രഘുറാം രാജന്റെ വ്യാഖ്യാനം അവജ്ഞയോടെ തള്ളണമെന്നും അദ്ദേഹത്തിന്റെ നിലപാട് അവസരവാദമാണെന്നും മാളവ്യ ആരോപിച്ചിരുന്നു.

നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് രഘുറാം രാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ജോഡോ യാത്ര രാജസ്ഥാനിലെ സവായ് മധോപൂരില്‍ എത്തിയപ്പോഴായിരുന്നു രഘുറാം രാജന്‍ യാത്രയില്‍ പങ്കുചേര്‍ന്നത്. രാഹുലിനൊപ്പം രഘുറാം രാജന്‍ നടക്കുന്നതും ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

‘വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ രാജ്യത്തെ ഒന്നിപ്പിക്കാനായി വരുന്ന ആളുകളുടെ എണ്ണം ഉയരുന്നു,’ എന്നാണ് രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.

അതേസമയം, സിനിമാ താരങ്ങളും ആക്ടിവിസ്റ്റുകളും കായികതാരങ്ങളും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം നിരവധി പ്രമുഖര്‍ ഇതിനകം ജോഡോ യാത്രയില്‍ അണിനിരന്നിട്ടുണ്ട്.

നിലവില്‍ രാജസ്ഥാനിലാണ് ജോഡോ യാത്ര പര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് രാജസ്ഥാനിലെത്തിയത്. 2023 ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ യാത്ര സമാപിക്കും.

Content Highlight: Congress slams BJP over it’s comments against Raghuram Rajan attending Bharat Jodo Yatra