നികുതിക്കൊള്ളക്കെതിരെ പ്രതിഷേധം; മലപ്പുറത്ത് പെട്രോളിന് 44.52 രൂപക്ക് വില്‍പ്പന നടത്തി കോണ്‍ഗ്രസ്; പമ്പില്‍ വന്‍ തിരക്ക്
Kerala News
നികുതിക്കൊള്ളക്കെതിരെ പ്രതിഷേധം; മലപ്പുറത്ത് പെട്രോളിന് 44.52 രൂപക്ക് വില്‍പ്പന നടത്തി കോണ്‍ഗ്രസ്; പമ്പില്‍ വന്‍ തിരക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd October 2021, 3:34 pm

മലപ്പുറം: 44.52 രൂപക്ക് മലപ്പുറത്ത് പെട്രോള്‍ വില്‍പ്പന നടത്തി കോണ്‍ഗ്രസ്. രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മലപ്പുറം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് വ്യത്യസ്ത പ്രതിഷേധ പരിപാടി നടത്തിയത്.

പ്രതീകാത്മകമായുണ്ടാക്കിയ പെട്രോള്‍ പമ്പിലാണ്് കേന്ദ്ര-സംസ്ഥാന നികുതികള്‍ കുറച്ച് പെട്രോള്‍ വിതരണം ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വിഹിതത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രതിഷേധം സംഘടപ്പിച്ചത്.

44.52 രൂപ ഓഫറില്‍ ഇന്ധനം നിറക്കാന്‍ നിരവധി പേരാണ് പമ്പിലെത്തിയത്. മലപ്പുറം കെ.എസ്.ആര്‍.ടി.സി പരിസരത്ത് നടന്ന നികുതി രഹിത നീതി പെട്രോള്‍ പമ്പ് എന്ന പ്രതിഷേധ പരിപാടി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി അധ്യക്ഷത വഹിച്ചു.

അതേസമയം, ഇന്ധനവില ഇന്നും കൂട്ടിയിരുന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി.

കൊച്ചി പെട്രോളിന് 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസ. സെപ്റ്റംബര്‍ 24ന് ശേഷം ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും , പെട്രോളിന് 6 രൂപ 5 പൈസയും കൂട്ടി.

ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യം ഇതോടെ ശക്തമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Congress sells petrol in Malappuram for Rs 44.52